പത്തനംതിട്ട : തിരുവല്ല കല്ലുങ്കലിൽ പള്ളിവക വഴി പൊതുവഴിയാക്കാൻ എൽ.ഡി.എഫ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നതായി പരാതി. കല്ലുങ്കൽ സെന്റ് ഇഗ്നേഷ്യസ് പള്ളിക്കമ്മിറ്റി ഭാരവാഹികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാത്രിയുടെ മറവിൽ വഴി കോൺക്രീറ്റ് ചെയ്ത് കയ്യേറാൻ ഭരണസമിതി നടത്തിയ ശ്രമങ്ങൾ പോലീസെത്തി തടഞ്ഞു.
പള്ളിയിലേക്കുള്ള വഴി പൊതുവഴിയാക്കാൻ പഞ്ചായത്ത് ഭരണ സമിതി ഏതാനും മാസങ്ങൾക്ക് മുമ്പാണ് നീക്കം തുടങ്ങിയത്. ഇതിനെതിരെ മൂന്ന് മാസം മുമ്പ് പള്ളി അധികൃതർ തിരുവല്ല കോടതിയിൽ ഹർജിയും നൽകി. കോടതിയിൽ കേസ് നിലനിൽക്കേ പള്ളിക്കമ്മിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെ രാത്രിയുടെ മറവിൽ രണ്ടുവട്ടം പഞ്ചായത്ത് അധികൃതർ റോഡ് കോൺക്രീറ്റ് ചെയ്ത് പൊതുവഴിയാക്കാനുള്ള ശ്രമങ്ങൾ നടത്തി. പള്ളി ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് പണികൾ നിർത്തിവപ്പിച്ചത്. കോടതിവിധി പ്രഖ്യാപത്തിന് മുമ്പായി റോഡ് കോൺക്രീറ്റ് ചെയ്ത് പൊതു വഴിയാണെന്ന് വരുത്തിത്തീർക്കാനുളള നീക്കമാണ് പഞ്ചായത്ത് നടത്തുന്നതെന്നാണ് പള്ളി ഭാരവാഹികൾ പറയുന്നത്.
അതേസമയം പഞ്ചായത്ത് രേഖയിലടക്കം ഇത് പൊതുവഴി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. അതിനാലാണ് റോഡ് ഏറ്റെടുക്കുന്നതെന്നും, കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും പഞ്ചായത്ത് അധികൃതർ പ്രതികരിച്ചു.
Comments