ലണ്ടൻ: ഒളിമ്പിക്‌സിലെ ഉജ്ജ്വല പ്രകടനത്തിന്റെ മികവിൽ ഇന്ത്യൻ ഹോക്കി ടീമുകൾക്ക് അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്റെ പുരസ്‌കാരങ്ങൾ.മലയാളിതാരവും മുൻ ഇന്ത്യൻ നായകനുമായ പി.ആർ.ശ്രീജേഷാണ് മികച്ച ഗോൾ കീപ്പർ പുരസ്‌കാരം നേടിയത്. വിവിധ മേഖലകളിലായി ആറ് പുരസ്‌കാരങ്ങളാണ് ഇന്ത്യ നേടിയത്. ഇതിനിടെ ഒളിമ്പിക്‌സിൽ സ്വർണ്ണം നേടിയിട്ടും തങ്ങളുടെ ഒരു താരത്തിനും ഒരു പുരസ്‌കാരവും ലഭിക്കാതിരുന്നതിൽ ബെൽജിയം പരാതി നൽകി.
ആറ് ഇന്ത്യൻ താരങ്ങൾക്ക് പുറമേ പുരുഷ വനിതാ ടീമിന്റെ പരിശീലകർക്കും പുരസ്‌കാരം ലഭിച്ചു. ഹർമൻ പ്രീത്, ഗുർജിത് എന്നിവർ കൂടുതൽ ഗോൾ നേടിയ താരങ്ങളായി. പി.ആർ.ശ്രീജേഷും സവിത പൂനിയയും പുരുഷവനിതാ ഗോൾ കീപ്പർമാരായി തിരഞ്ഞെടു ക്കപ്പെട്ടു. ഈ വർഷത്തെ ഉയർന്നുവരുന്ന താരങ്ങളായി ഷാർമിള ദേവിയും വിവേക് സാഗറും കൂടുതൽ വോട്ട് നേടി. ഇന്ത്യൻ പുരുഷ ടീം പരിശീലകൻ ഗ്രഹാം റീഡും വനിതാ ടീം പരിശീലക സോറീഡ് മാറീനും മികച്ച പരിശീലകർ എന്ന നിലയിൽ കൂടുതൽ വോട്ട് നേടി.
ആഗോളതലത്തിലെ ഹോക്കി ഫെഡറേഷന്റെ 29 രാജ്യങ്ങളുടെ പരിശീലകരും നായകന്മാരും ഹോക്കിമേഖല റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരും വോട്ട് ചെയ്താണ് പുരസ്‌കാരം നിശ്ചയിക്കപ്പെട്ടത്. വോട്ടിംഗിൽ അപാകതയുണ്ടെന്ന് കാണിച്ച് ബെൽജിയം ഫെഡറേഷന് പരാതി നൽകി. സൂപ്പർ താരങ്ങളായ അലക്‌സാണ്ടർ ഹെൻഡ്രികും ആർതർ വാൻ ഡോറനും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ബെൽജിയത്തിനെ നിരാശരാക്കിയത്.
















Comments