ചെന്നൈ : മധുരയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ച സംഭവത്തിൽ ഭീകരനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ശരവണകുമാർ എന്ന് അറിയപ്പെടുന്ന അബ്ദുള്ളയ്‌ക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ ചുമത്തി തയ്യാറാക്കിയ കുറ്റപത്രം ചെന്നൈയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് സമർപ്പിച്ചത്.
യുവാക്കളെ ആകർഷിച്ച് മധുരയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രം രൂപീകരിക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഇതിനായി സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു അബ്ദുള്ളയുടെ പ്രവർത്തനം. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ എൻഐഎ അബ്ദുള്ളയെ നിരീക്ഷിക്കാൻ ആരംഭിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ ഇയാളെ കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് ആയിരുന്നു ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കാൻ അബ്ദുള്ള പ്രധാനമായും ഉപയോഗിച്ചിരുന്നത്.
അബ്ദുള്ളയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ, 505 (1)(ബി), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ 13 (1)(ബി), 38,39 എന്നീ വകുപ്പുകൾ ചേർത്താണ് അബ്ദുള്ളയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ആളുകളെ ഭീകര സംഘടനയിലേക്ക് ആകർഷിച്ച് ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയായിരുന്നു അബ്ദുള്ളയുടെ ലക്ഷ്യമെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ഇതിനായി ചില രാജ്യങ്ങളിൽ നിന്നുള്ളവരുടെ സഹായവും തേടിയിരുന്നു. വളരെ കാലം മുൻപേ ഭീകര സംഘടനയായ ഹിസ്ബ് ഉത് താഹിറിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു അബ്ദുള്ളയെന്നും കുറ്റപത്രത്തിൽ ഉണ്ട്.
















Comments