മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്ക്കിടെ അറസ്റ്റിലായ ആര്യൻ ഖാന്റേയും മറ്റ് പ്രതികളുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. 11 മണിയോടെയാണ് മുംബൈയിലെ എൻഡിപിഎസ് കോടതി വിധി പറയുക. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആര്യൻ. ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതികളെ ഇന്ന് ആർതർ റോഡ് ജയിലിലേക്ക് മാറ്റും.
കേസിൽ ഇതുവരെ 17 പേർ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി നീട്ടാനുള്ള എൻസിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. കൊറോണ പരിശോധനാഫലം ലഭിക്കാത്തതിനാൽ പ്രതികളെല്ലാം ഇപ്പോഴും എൻസിബിയുടെ ഓഫീസിലാണ്.
ആര്യൻഖാനെയും, അർബാസ് മെർച്ചന്റിനെയും കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻസിബി പ്രധാനമായും കോടതിയോട് ആവശ്യപ്പെട്ടത്. ഇരുവരും കേസിലെ മുഖ്യകണ്ണികളാണ്. ആഡംബര പാർട്ടിയ്ക്ക് ലഹരി എത്തിച്ചുകൊടുത്ത ഇടപാടുകാരനുമായി ഇരുവർക്കും അടുത്ത ബന്ധമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ആര്യനെയും, അർബാസിനെയും ഇടപാടുകാരനോടൊപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എൻസിബി കോടതിയിൽ അറിയച്ചു.
രണ്ട് മണിക്കൂറോളം നീണ്ട വാദ പ്രതിവാദത്തിന് ശേഷമായിരുന്നു കോടതി ഉത്തരവ്. പ്രതികളെ എൻസിബി കസ്റ്റഡിയിൽ വിടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നായിരുന്നു ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനുള്ള തീരുമാനം. ആര്യൻഖാനും, അർബാസ് മെർച്ചന്റും ഉൾപ്പെടെ കേസിൽ അറസ്റ്റിലായ എട്ട് പേരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
Comments