നഭ: സ്പർശം ദീപ്തം…..ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി….
തേജസ്സോടെ ആകാശ നീലിമയെ തൊടൂ….
ഇത് ഭാരത വ്യോമ സേനയുടെ ആപ്തവാക്യം… ഭഗവദ്ഗീതയിലെ 11-ാം ആദ്ധ്യായമായ വിശ്വരൂപദർശനത്തിലെ 24-ാം ശ്ലോകത്തിലെ ആദ്യ വാചകം… ഇന്ത്യൻ വ്യോമസേന നെഞ്ചിലേറ്റുന്നത്… വിശ്വസംരക്ഷണത്തിന്റെ സന്ദേശം….
ഇന്ന് ഒക്ടോബർ 8- ഇന്ത്യൻ വ്യോമസേനാ ദിനം….വ്യോമസേന നിലവിൽ വന്നിട്ട് ഇന്നേക്ക് 89 വർഷം തികയുന്നു….
ഹിമാലയത്തെതൊട്ട് ഗരിമയോടെ നിൽക്കുന്ന ഭാരതഭൂമിയുടെ ആകാശനീലിമയിൽ ഗരുഢസമാനരായി വ്യോമസേന ചിറക് വിരിച്ച് നിൽക്കുകയാണ്. 130 കോടി ജനങ്ങളുടെ സുരക്ഷയ്‌ക്ക് മാത്രമല്ല ഏഷ്യൻ മേഖലയുടെ തന്നെ സംരക്ഷണമാണ് ഇന്ത്യൻ വ്യോമസേന ഏറ്റെടുത്തിരിക്കുന്നത്.
ഗാസിയാബാദിലെ ഹിൻഡാൻ വ്യോമതാവളം അതിവിപുലമായ സൈനിക അഭ്യാസപ്രകടനങ്ങൾക്ക് എല്ലാവർഷവും ഈ ദിനത്തിൽ സാക്ഷിയാകുന്നു. പുതുതായി ചുമതലയേറ്റ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗദ്ധരിക്കൊപ്പം സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും കരസേനാ മേധാവി ജനറൽ എം.എം.നരവാനേയും നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗും പങ്കെടുക്കുന്ന ചടങ്ങുകൾ മുഴുവൻ സൈനികർക്കും നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. ഭാരത സൈന്യത്തിന്റെ സൈനിക മേധാവിയായ രാഷ്‌ട്രപതിയും ഉറക്കമില്ലാതെ സൈനികർ ക്കൊപ്പം നിലയുറപ്പിക്കുന്ന പ്രധാനമന്ത്രിയും സൈനിക മേധാവിമാർക്കൊപ്പം ഒരുപടി മുന്നിൽ നടക്കുന്ന പ്രതിരോധ മന്ത്രിയും ഇന്ന് വ്യോമസേനയ്‌ക്ക് അഭിനന്ദനം നേർന്നു കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമ സേന. ലോകം അത്ഭുതത്തോടെ ഉറ്റു നോക്കുന്ന ആയുധങ്ങളെ ചിറകിലേറ്റി തയ്യാറായി നിൽക്കുന്നു നമ്മുടെ വ്യോമ സേന. 1932 ഒക്ടോബർ 8നാണ് എയർ ഫോഴ്‌സ് ഇന്ത്യൻ മണ്ണിൽ സ്ഥാപിക്കുന്നത്.ബ്രിട്ടീഷുകാരുടെ സഹായസൈന്യം രണ്ടാം ലോക മഹായുദ്ധത്തിൽ റോയൽ ഇന്ത്യൻ എയർ ഫോഴ്‌സ് എന്ന പേരിലാണ് അറിയപ്പെട്ടത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അതേ സൈന്യം ഇന്ത്യൻ വ്യോമസേനയായി മാറി. 1950 ൽ ഇന്ത്യ റിപ്ലബിക് ആയപ്പോൾ റോയൽ എന്ന പേര് എടുത്തു മാറ്റുകയായിരുന്നു. അതിന് ശേഷം ഇന്ത്യൻ എയർ ഫോഴ്‌സ് എന്നറിയപ്പെട്ടു തുടങ്ങി.
ഏഴ് വ്യോമ കമാന്റുകളുടെ കീഴിൽ 60 ലേറെ വ്യോമകേന്ദ്രങ്ങളാണ് ഇന്ന് പ്രവർത്തിക്കുന്നത്. ന്യൂഡൽഹിയിലെ പടിഞ്ഞാറൻ വ്യോമ കമാന്റ്, മേഘാലയയിലെ ഷില്ലോംഗിലെ കിഴക്കൻ വ്യോമ കമാന്റ്, മദ്ധ്യമേഖലയ്‌ക്കായി പ്രയാഗ് രാജ് വ്യോമ കമാന്റ്, തിരുവനന്തപുരത്തെ ദക്ഷിണ വ്യോമ കമാന്റ്, ഗുജറാത്ത് കേന്ദ്രീകരിച്ച് തെക്ക്-പടിഞ്ഞാറൻ വ്യോമ കമാന്റ് എന്നിവയ്‌ക്ക് പുറമേ ബംഗളൂരുവിലെ പരിശീലന വ്യോമ കമാന്റും നാഗപ്പൂരിൽ അറ്റകുറ്റപ്പണികൾക്കായുള്ള വ്യോമ കമാന്റുമാണ് നിലവിലുള്ളത്. ഗുജറാത്തിലാണ് ഏറ്റവും വിശാലമായ വ്യോമകേന്ദ്രം പ്രവർത്തിക്കുന്നത്. അതേസമയം കൂടുതൽ മേഖലയുടെ മേൽനോട്ടമുള്ള കരുത്തുറ്റ വ്യോമ കമാന്റ് ഡൽഹി കേന്ദ്രീകരിച്ചുള്ള പടിഞ്ഞാറൻ വ്യോമ കമാന്റാണ്.
ഇന്ന് ഇന്ത്യൻ വ്യോമസേന സേന കരസേനയ്‌ക്കും നാവികസേനയ്‌ക്കും സന്നിഗ്ധഘട്ടത്തിൽ സഹായമെത്തിക്കുന്നവരായി മാറിയിരിക്കുന്നു… യുദ്ധഭൂമിയാകട്ടെ ദുരന്തമുഖങ്ങളാകട്ടെ സൈനികർക്കും സാധാരണക്കാർക്കും ഒരു കൈ അകലെയുണ്ട് ആകാശനീലിമയുടെ സൗന്ദര്യം ചാലിച്ച യൂണിഫോമിൽ ആ കരുത്തന്മാർ…അതിർത്തികളിലും ഹിമപാതത്തിലും മലയിടിച്ചിലിലും പ്രളയത്തിലും വ്യോമസേനയുടെ ഹെലികോപ്റ്റർ വ്യൂഹങ്ങളാണ് ഇന്ന് കൈതാങ്ങാവുന്നത്…
വടക്കു മുതൽ തെക്കുവരെ 3214 കിലോമീറ്ററും കിഴക്കുമുതൽ പടിഞ്ഞാറുവരെ 2933 വിസ്തീർണ്ണമാർന്ന അതിർത്തിയാണ് ഇന്ത്യയുടേത്. കരഭാഗം മാത്രം 15200 കിലോമീറ്ററിലും 7516.6 കിലോമീറ്റർ സമുദ്രത്താലും ചുറ്റപ്പെട്ട ഇന്ത്യയുടെ വിശാലമായ അതിർത്തി. ഈ എല്ലാ അതിരുകൾക്കും ആകാശക്കുടതീർത്ത് അഭേദ്യമായ സുരക് ഒരുക്കുന്നത് വ്യോമസേനയാണ്.
മിഗിലും മിറാഷിലും സുഖോയിലും നിന്നും തദ്ദേശീയമായ തേജസ്സിലെത്തി നിൽക്കുകയാണ് വ്യോമസേന. ചൈനയുടേയും പാകിസ്താന്റേയും ചതിപ്രയോഗങ്ങൾക്ക് മേൽ അതിമാരക പ്രഹരശേഷിയുള്ള 36 റഫേലുകളെയണ് വ്യോമസേന അണിനിരത്തിയിട്ടുള്ളത്. ലഡാക് സംഘർഷ കാലഘട്ടം മുതൽ വ്യോമസേന ലഡാക്കിനെ സംരക്ഷണം തീർക്ക് അംബാലയിൽ നിന്നും കുത്തിക്കാൻ തയ്യാറായി നിൽക്കുന്നു. ഏഴ് തരം യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയുടെ കരുത്ത്. റഫേൽ മുൻനിരയിൽ നിന്ന് നയിക്കുമ്പോൾ സുഖോയ്, തേജസ്സ്, മിഗ്, മിറാഷ്, ജാഗ്വാർ എന്നിവയാണ് മറ്റ് ഫൈറ്റർ ജെറ്റുകളായി വ്യോമസേന ഉപയോഗിക്കുന്നത്. ഇവയ്‌ക്കൊപ്പം റഡാർ സംവിധാനമുള്ള അത്യാധുനിക അവാക്‌സ് വിമാനങ്ങളും സജ്ജമാണ്. ഒരേ സമയം ആക്രമിക്കാനും രക്ഷാ പ്രവർത്തിനുമായി 11 തരം ഹെലികോപ്റ്റർ വ്യൂഹങ്ങളും ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നു.
റഫേലടക്കമുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ പറത്താൻ ശേഷിയുള്ളവരായി ഇന്ത്യൻ വൈമാനികർ മാറിയിരിക്കുന്നു. ഒപ്പം 18 പേരടങ്ങുന്ന വനിതാ പൈലറ്റുമാരും സർവ്വസജ്ജരായിക്കഴിഞ്ഞു. ഇതിൽ 10 പേർ യുദ്ധഭൂമിയിൽ ശത്രുസൈന്യത്തെ നേരിടാൻ തക്ക ക്ഷമതയുള്ള ധീരവൈമാനികരാണ്.
അഭിനന്ദൻ വർത്തമാനെപോലെ ശത്രുപാളയത്തിൽ തീമഴപെയ്യിക്കുന്ന കരുത്തരാണ് വ്യോമസേനാ സൈനികരെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. ലഡാകിലെ സംഘർഷത്തിലടക്കം ഇന്ത്യൻ വ്യോമസേനയെ മുന്നിൽ നിന്നും നയിച്ച ആർ.കെ.എസ് ബദൗരിയ ആകാശസംരക്ഷണം അവസാനിപ്പിച്ചു പടിയിറങ്ങി.. ഇന്നിതാ ലഡാക്കിലെ വ്യോമകമാന്റിലെ മേധാവിയായിരുന്ന വി.ആർ.ചൗദ്ധരി വ്യോമസേനാ തലവനായിരിക്കുന്നു…
ഇന്ത്യയുടെ പ്രതിരോധ നയം ഒരിക്കലും സ്വാർത്ഥതയിൽ ഊന്നിയല്ല. അയൽരാജ്യങ്ങളായ ബംഗ്ലാദേശിനും മ്യാൻമറിനും ഭൂട്ടാനും നേപ്പാളിനും അശരണരായ ടിബറ്റൻ ജനസമൂഹത്തിനും ഇന്ത്യൻ സൈന്യം നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. അവിടെ ഒരു പടിമുന്നിൽ നിൽക്കുന്നത് ഒന്നു വിളിച്ചാൽ മേഘങ്ങളെ കീറിമുറിച്ച് ഹുങ്കാരശബ്ദത്തോടെ പാഞ്ഞെത്തുന്ന വ്യോമസേനയാണ്..
വ്യോമസേനാ ദിനം നൽകുന്നത് ഒരേയൊരു സന്ദേശം മാത്രം… പറന്നെത്തും ഞങ്ങൾ… ഭാരതത്തിന്റെ ഏത് അതിർത്തിയിലും…ഏത് നിമിഷവും…ഗരുഢസമാനരായി ചിറകിൽ അഗ്നിയുമായി…രക്ഷയ്‌ക്ക് കരുത്തുറ്റ കരങ്ങളുമായി….















Comments