ശ്രീനഗർ: കശ്മീരിൽ പാക് ഭീകരരുടെ ആക്രമണത്തിനിരയായ അദ്ധ്യാപകരുടെ മരണത്തിൽ പ്രതിഷേധിച്ച് തെരുവിൽ പ്രതിഷേധം. കശ്മീരി പണ്ഡിറ്റുകളും സിഖ്കാരുമാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ശ്രീനഗർ സംഗം സർക്കാർ സ്കൂളിലെ പ്രിൻസിപ്പലായ സതീന്ദർ കൗറും അദ്ധ്യാപകനായ ദീപക് ചാന്ദുമാണ് ഇന്നലെ കൊലചെയ്യപ്പെട്ടത്.
പ്രദേശത്ത് കശ്മീരി പണ്ഡിറ്റകൾക്കും, സിഖുകാർക്കുമെതിരെ നടക്കുന്ന ഭീകരരുടെ നരനായാട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. ‘ഞങ്ങൾക്കും ജീവിക്കണം’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധം. സമരത്തിന് പിന്തുണയുമായി ലക്ഷക്കണക്കിന് പേർ എത്തുകയും ചെയ്തു.
അദ്ധ്യാപകരുടെ മൃതദേഹവുമായായിരുന്നു ജനങ്ങൾ പ്രതിഷേധിച്ചത്. ഭീകരരുടെ ആക്രമണത്തിന് ഇരയായ അദ്ധ്യാപകർക്ക് ആദരാജ്ഞലി അർപ്പിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. വ്യാഴാഴ്ച്ച രാവിലെയാണ് സ്കൂളിൽ ഭീകരാക്രമണം ഉണ്ടായത്. സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ ഭീകരർ അദ്ധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ശ്രീനഗറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. ചൊവ്വാഴ്ച ശ്രീനഗർ ഇക്ബാൽ പാർക്കിലെ മെഡിക്കൽ ഷോപ്പ് ഉടമ മക്കാൻ ലാൽ ബിന്ദ്രുവിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. അന്ന് രാത്രി തന്നെ വഴിയോര കച്ചവടക്കാരനേയും മറ്റൊരാളെയും ഭീകരർ വെടിവെച്ച് കൊന്നിരുന്നു.
Comments