റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. സംഭവത്തിൽ ഐടിബിപി ജവാന് പരിക്കേറ്റു. നാരായൺപൂർ ജില്ലയിലെ കോഹ്ക്കമെത മേഖലയിൽ വൈകീട്ടോടെയായിരുന്നു സംഭവം.
മൊബൈൽ ചെക്പോസ്റ്റിൽ സുരക്ഷയ്ക്കായി വിന്യസിച്ച ഐടിബിപി 53 ബറ്റാലിയനിലെ അംഗങ്ങളാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. ചെക്പോസ്റ്റിൽ കാവൽ നിൽക്കുകയായിരുന്ന സേനാംഗങ്ങൾക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു. പ്രത്യാക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതെ കമ്യൂണിസ്റ്റ് ഭീകരർ ഓടി രക്ഷപ്പെടുകയായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഐടിബിപി കോൺസ്റ്റബിൾ സന്ദീപ് കുമാറിനാണ് പരിക്കേറ്റത്. ഇടത് തോളിന് പരിക്കേറ്റ അദ്ദേഹം അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. സന്ദീപ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ നടപടി കടുപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ വിവരം പുറത്തുവന്നതിന് പിന്നാലെ കമ്യൂണിസ്റ്റ് ഭീകരർ സുരക്ഷാസേനയ്ക്കെതിരായ ആക്രമണം വർദ്ധിപ്പിച്ചിരിക്കുകയാണ്.
Comments