ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ തുടർച്ചായായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ നിർണായക നീക്കം ആരംഭിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലാകും കൂടിക്കാഴ്ചയെന്നാണ് വിവരം.
സ്കൂൾ അദ്ധ്യാപകരുടെ കൊലപാതകത്തിന് പിന്നാലെ മനോജ്സിൻഹയെ ഫോണിൽ വിളിച്ച് അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന് പിന്നിലാണ് നേരിൽ കണ്ട് വിഷയം ചർച്ച ചെയ്യാനുള്ള തീരുമാനം. ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ പ്രത്യാക്രമണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമാകുമെന്നാണ് സൂചന.
മനോജ് സിൻഹയുമായി ചേർന്ന് ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗകൾ അമിത് ഷാ വിലയിരുത്തും. ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമാകുമെന്നാണ് വിവരം.
ഒരു ദിവസത്തെ സന്ദർശനത്തിന് ഗുജറാത്തിലേക്ക് പോയ അമിത് ഷാ വെള്ളിയാഴ്ചയാണ് ഡൽഹിയിൽ എത്തിയത്. ഉടനെ മനോജ് സിൻഹയുമായി ഫോണിൽ ബന്ധപ്പെട്ട് ശനിയാഴ്ച കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഭീകരാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നാണ് സൂചന.
Comments