ഇന്ത്യയുടെ വ്യോമയാനരംഗത്ത് ഒട്ടേറെ വഴിത്തിരിവുകൾക്ക് സാക്ഷ്യം വഹിച്ച് 68 വർഷങ്ങൾക്കുശേഷം എയർ ഇന്ത്യ ടാറ്റാ കുടുംബത്തിലേയ്ക്ക് തിരിച്ചു പറക്കുകയാണ്. 60,000 കോടി രൂപയുടെ കടബാധ്യത ഉണ്ടാക്കിയ വിമാന കമ്പനിയുടെ കൈമാറ്റത്തെ വിമർശിച്ചും അനുകൂലിച്ചും ചർച്ചകളും സംവാദങ്ങളും ചൂടുപിടിക്കുകയാണ്. ഔദ്യോഗിക ഉടമസ്ഥതയിൽ വിമാനമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യകൂടി ഉൾപ്പെട്ടെന്ന് പരിതപിക്കുകയാണ് കൈമാറ്റത്തെ വിമർശിക്കുന്നവർ. നെഹ്റുവിന്റെ ചതി എയർ ഇന്ത്യയുടെ കൈമാറ്റത്തോടെ നരേന്ദ്ര മോദി തിരുത്തിയെന്നാണ് അനുകൂലികളുടെ വിലയിരുത്തൽ.
ഇന്ത്യയിലെ ആദ്യ ലൈസൻസ്ഡ് വാണിജ്യ പൈലറ്റ് കൂടിയായ ജെആർഡി ടാറ്റ 1932 ൽ ആണ് ടാറ്റാ എയർ സർവ്വീസ് ആരംഭിക്കുന്നത്. അതേ വർഷം ഒക്ടോബർ 15 ന് ഇന്നത്തെ പാകിസ്താനിലെ കറാച്ചിയിൽ നിന്ന് മുബൈയിലേയ്ക്ക് ആദ്യ സർവ്വീസ് നടത്തി ചരിത്രം കുറിച്ചു. പ്രാരംഭ ഘട്ടത്തിൽ കത്തുകൾ എത്തിക്കുന്നതിനായി ഉപയോഗിച്ചിരുന്ന സർവ്വീസുകൾ 1940 തോടെ വാണിജ്യ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ തുടങ്ങി. അഞ്ച് വർഷം പൂർത്തി ആയപ്പോൾ തന്നെ കമ്പനിയുടെ ലാഭം തുടക്കത്തിലെ 60,000 രൂപയിൽ നിന്ന് ആറുലക്ഷത്തിലെത്തിയിരുന്നു.
1946 ൽ ടാറ്റ എയർലൈൻ എന്ന പേര് മാറ്റി എയർ ഇന്ത്യ ലിമിറ്റഡാക്കിമാറ്റുകയും ഒരുവർഷത്തിനുള്ളിൽ തന്നെ യൂറോപ്പിലേക്ക് ആദ്യ വിദേശ യാത്ര ആരംഭിച്ച് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 1953 ലാണ് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ പ്രത്യേക താല്പര്യ പ്രകാരം എയർ ഇന്ത്യ കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നത്. തന്റെ ആത്മസുഹൃത്തായ നെഹ്റുവിൽ നിന്നും ഉണ്ടായ ഈ നീക്കം എയർ ഇന്ത്യയുടെ ചെയർമാനായിരുന്ന ജെആർഡി ടാറ്റ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പലരും പിന്നീട് വെളിപ്പെടുത്തി. കഷ്ടപ്പെട്ട് വളർത്തിയെടുത്ത സാമ്രാജ്യം സ്വന്തം കൈകളിൽ നിന്ന് നഷ്ടപ്പെട്ടത് നിറകണ്ണുകളോടെ കണ്ടുനിൽക്കാൻ മാത്രമേ അദ്ധേഹത്തിന് കഴിഞ്ഞുള്ളു.
പരസ്യമായ ഒരു എതിർപ്പും പ്രകടിപ്പിക്കാതെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരം ജഹാംഗിർ രത്തൻജി ദാദാഭായി ടാറ്റാ എന്ന ജെആർഡി ടാറ്റ അന്നത്തെ സർക്കാറിന് കൈമാറി. പൊതുമേഖലാ സ്ഥാപനമായ കമ്പനിയുടെ ചെയർമാനായി 1989 വരെ ജെആർഡി ടാറ്റ തുടർന്നു. ജെആർഡി ടാറ്റ പടിയിറങ്ങിയതോടെ എയർ ഇന്ത്യയുടെ ശനിദശയും തുടങ്ങി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള നരസിംഹ റാവു സർക്കാറിന്റെ നയങ്ങളാണ് കമ്പനിയുടെ തകർച്ചക്ക് ആക്കം കൂട്ടിയത്. 2020 ലെ കണക്ക് അനുസരിച്ച് 60, 074 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് എയർ ഇന്ത്യയ്ക്കുളളത്.
ഇതിൽ 23,286 കോടി രൂപയുടെ ബാധ്യത ഏറ്റെടുക്കുന്ന കമ്പനി വഹിക്കണമെന്ന കർശന വ്യവസ്ഥയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ടാറ്റയ്ക്ക് കൈമാറ്റം ചെയ്യുന്നത്. ആറ് ദശകങ്ങൾക്ക് ശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റ കുടുംബത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. അവസാന നിമിഷം വരെ സ്പൈസ് ജെറ്റുമായി കടുത്ത മത്സരത്തിലൂടെ 18,000 കോടി നൽകിക്കൊണ്ട് ജെആർഡി ടാറ്റയുടെ പിൻഗാമികൾ കൈവിട്ടുപോയ പൂർവ്വിക സ്വത്ത് സ്വന്തമാക്കുകയായിരുന്നു. വെൽകം ബാക്ക് എന്ന തലക്കെട്ടോടെ രത്തൻ ടാറ്റ കഴിഞ്ഞ ദിവസം പങ്കുവെച്ച എയർ ഇന്ത്യയുടെ പഴയ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ജെആർഡി ടാറ്റയും പണ്ടത്തെ ക്രൂവും ഇറങ്ങി വരുന്ന ദൃശ്യമാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്. എയർഇന്ത്യയുടെ കൈമാറ്റം യാഥാത്ഥ്യമായതോടെ ചരിത്ര നിമിഷമെന്നാണ് ടാറ്റാ കുടുംബത്തിലെ മറ്റുളള മുതിർന്ന അംഗങ്ങൾ പ്രതികരിച്ചത്. നിർണായകമായ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടതോടെ എയർ ഇന്ത്യ പ്രതാപ കാലത്തെയ്ക്കു പറക്കാനുള്ള ചിറക് വിരിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ജീവനക്കാരും അഭ്യുദയകാംക്ഷികളും.
Comments