ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി ഇന്ത്യ- ചൈന കോർകമാൻഡർ തല ചർച്ച ഇന്ന്. ചൈനീസ് പ്രദേശമായ മോൾഡോയിൽ രാവിലെ 10 മണിക്കാണ് ചർച്ച ആരംഭിക്കുക. ലഡാക്ക് അതിർത്തി വിഷയത്തിൽ ഇത് 13ാം വട്ടമാണ് ഇരു രാജ്യങ്ങളിലെ സൈന്യങ്ങളും തമ്മിൽ ചർച്ച നടത്തുന്നത്.
ലേ ആസ്ഥാനമായുള്ള 14ാം കോർ മേധാവി ലഫ്. ജനറൽ പി ജി കെ മേനോനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ഹോട്‌സ് സ്പ്രിംഗ്‌സ് മേഖലയിലെ സൈനിക പിന്മാറ്റമുൾപ്പെടെയാകും ഇന്നത്തെ യോഗത്തിലെ പ്രധാന ചർച്ചാ വിഷയം.
നിലവിൽ ഹോട്‌സ്പ്രിംഗ് പോയിന്റ് 15 ൽ സംഘർഷ സമാനമായ അവസ്ഥയാണ് നിലവിൽ ഉള്ളത്. മേഖലയിൽ ഇന്ത്യ- ചൈന സൈനികർ മുഖാമുഖം നിലയുറപ്പിച്ചിരിക്കുയാണ്. അതേസമയം സംഘർഷ സമാന സാഹചര്യമുള്ള ദെംചോക്, ദെസ്പാംഗ് എന്നിവിടങ്ങളിലെ സൈനിക പിന്മാറ്റം പിന്നീടാകും ചർച്ച ചെയ്യുകയെന്നാണ് വിവരം.
ചൈനീസ് പ്രകോപനത്തിന് പിന്നാലെ ലഡാക്കിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ചർച്ചകളിലൂടെ പൂർണമായും പരിഹരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനാൽ ആരംഭം മുതൽ തന്നെ ചൈനയുമായി ചർച്ചകൾ തുടരുകയാണ്. കഴിഞ്ഞ തവണ നടത്തിയ ചർച്ചകളുടെ ഫലമായി ഗാൽവൻ, പാംഗോംങ്, ഗോഗ്ര എന്നിവിടങ്ങളിൽ നിന്നും ഇരു വിഭാഗം സൈനികരും പൂർണമായും പിൻവാങ്ങിയിട്ടുണ്ട്.
കടന്നുകയറിയ മേഖലകളിൽ നിന്നെല്ലാം ചൈനീസ് സൈന്യം പിൻവാങ്ങണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാൽ ഇതിന് ചൈന തയ്യാറാകുന്നില്ല. മാത്രമല്ല അതിർത്തിയിൽ വീണ്ടും സംഘർഷത്തിന് ചൈന ശ്രമിക്കുന്നുമുണ്ട്.
കഴിഞ്ഞ ആഴ്ച അരുണാചൽ അതിർത്തിവഴി ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചതോടെ ചൈനീസ് സൈന്യം മടങ്ങുകയായിരുന്നു.
Comments