ബെയ്റൂട്ട്: പശ്ചിമേഷ്യൻ രാജ്യമായ ലബനോൻ ദിവസങ്ങളായി ഇരുട്ടിൽ. ആവശ്യമായ ഇന്ധനം ലഭിക്കാത്തതിനെ തുടർന്ന് വൈദ്യുത ഉല്പാദ കേന്ദ്രങ്ങളുടെ പ്രവർത്തനം രാജ്യത്ത് പൂർണമായി തടസ്സപ്പെട്ടതാണ് കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് കാരണമായത്. തലസ്ഥാന നഗരവും പ്രമുഖ വ്യാപാര വാണിജ്യ കേന്ദ്രവുമായ ബെയ്റൂട്ട് അടക്കം രണ്ട് ദിവസമായി ഇരുട്ടിൽ തപ്പുകയാണ്. വലിയ പവർ ഗ്രിഡുകളുടെ പ്രവർത്തനത്തിനായുള്ള ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള പണം ഇല്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതേ തുടർന്ന് എല്ലാ വിദ്യുച്ഛക്തി നിലയങ്ങളും അടച്ചിട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നഗര പ്രദേശങ്ങളിലുള്ളവർ സ്വകാര്യ ജനറേറ്ററുകളെ ആശ്രയിക്കുമ്പോൾ ഗ്രാമവാസികളുടെ സ്ഥിതി ദയനീയമാണെന്ന് പുറത്ത് വരുന്ന വാർത്തകൾ. 3600 മെഗാവാട്ട് വൈദ്യുതിയാണ് രാജ്യത്തിന് ആവശ്യമുള്ളത്. എന്നാൽ 3 മാസത്തോളമായി 700 മെഗാവാട്ട് മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. രണ്ട് ദിവസമായി ഇതും പൂർണമായി നിലച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 2019 ൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണാധികാരികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ആഭ്യന്തര സംഘർഷങ്ങളും, രാഷ്ട്രീയ അസ്ഥിരതയും അഴിമതിയുമാണ് ലബനോനെ തകർത്തത്. കറൻസിയായ ലബനീസ് പൗണ്ടിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലാണ് വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് സാധാരണക്കാർ. നിക്ഷേപങ്ങൾ പൂർണമായും പിൻവലിച്ചതോടെ പലബാങ്കുകളും തകർന്നു. അതിനിടെ ലബനോനെ സഹിക്കുന്നതിനായി അയൽരാജ്യങ്ങലായ ഈജിപ്ത്,ജോർദാൻ,സിറിയ തുടങ്ങിയവർ രംഗത്തുവന്നിട്ടുണ്ട്. ഊർജ്ജ്വോല്പാദനത്തിനാവശ്യമായ ഗ്യാസ് നൽകാൻ തയ്യാറാണെന്ന് മൂന്ന് രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാർ അറിയിച്ചിട്ടുണ്ട്.
Comments