തിരുവനന്തപുരം : മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി വ്യക്തി ബന്ധമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ. അതിനാലാണ് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചതെന്നും സന്ദീപ് പറഞ്ഞു. ജയിൽമോചനത്തിന് ശേഷം മാദ്ധ്യമങ്ങളോടായിരുന്നു സന്ദീപിന്റെ പ്രതികരണം.
ഉദ്ഘാടനത്തിന് നേരിട്ടെത്തിയാണ് ശ്രീരാമകൃഷ്ണനെ ക്ഷണിച്ചത്. ഉദ്ഘാടന പരിപാടിയിൽ സ്വപ്‌നയും പങ്കെടുത്തിരുന്നു. എന്നാൽ ക്ഷണിക്കാൻ പോകുമ്പോൾ സ്വപ്‌ന കൂടെയുണ്ടായിരുന്നില്ല. തന്റെ സ്ഥാപനം മറ്റൊരു തരത്തിൽ പ്രവർത്തിക്കുന്നതാണ്. അതിനാലാണ് സ്പീക്കറെ ക്ഷണിച്ചത്. ജനപ്രതിനിധി എന്ന നിലയിൽ സ്പീക്കറെ ഉദ്ഘാടകനായി ക്ഷണിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. മുഖ്യമന്ത്രിയെയും വിളിക്കാം. തനിക്ക് പല ആളുകളുമായും വ്യക്തിബന്ധമുണ്ടെന്നും സന്ദീപ് പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ പ്രതിയാണോയെന്ന കാര്യം കോടതി തീരുമാനിക്കും. കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാദ്ധ്യമല്ല. തനിക്കെതിരെ ആരോപണം ഉണ്ടായി. അറസ്റ്റും നിയമ നടപടികളും നേരിട്ടു. ആരാണ് പ്രതിയെന്ന വരും കാലങ്ങളിൽ മനസ്സിലാകും.
കോൺസലേറ്റുമായി അധികം ബന്ധമില്ല.ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ല. ഫൈസൽ ഫരീദിനെക്കുറിച്ച് പത്രമാദ്ധ്യമങ്ങളിലൂടെ മാത്രമാണ് അറിവ്. 2007 മുതൽ സരിത്ത് തന്റെ സുഹൃത്താണ്. സരിത്ത് വഴിയാണ് സ്വപ്നയെ പരിചയപ്പെട്ടത്. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് സരിത്തുമായി സൗഹൃദത്തിലായതെന്നും സന്ദീപ് പറഞ്ഞു.
Comments