ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അനന്തനാഗ് ജില്ലയിലെ ഖഗുന്ദ് വെർനിയാംഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
പുലർച്ചെയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി അനന്തനാഗ് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് മേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സുരക്ഷാസേനയെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേന നൽകിയ ശക്തമായ തിരിച്ചടിയിലാണ് ഭീകരനെ വധിച്ചത്.
ഏറ്റുമുട്ടൽ വിവരം ജമ്മു കശ്മീർ പോലീസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഏറ്റുമുട്ടലിൽ ഉദ്യോഗസ്ഥന് പരിക്കേറ്റതായും പോലീസ് അറിയിച്ചു. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സൂചന.
കഴിഞ്ഞ ആഴ്ചയുണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായത്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേന ഭീകരവേട്ട ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ ത്വായ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.
Comments