നവരാത്രി കാലം ഭാരതത്തിലുടനീളം ദേവീ പൂജയ്ക്കു പ്രാധാന്യം നൽകി ആചരിക്കുന്നു. ഒൻപത് ഭാവങ്ങളിലുള്ള ദേവീസ്വരൂപത്തെയാണ് നവരാത്രി പൂജയിൽ ഓരോ ദിവസവും ആരാധിക്കുന്നത്. എല്ലാ ദേവന്മാരുടേയും ശക്തിയെ ആവാഹിച്ച ആദിപരാശക്തിയാണ് നവരാത്രിയിൽ പൂജിക്കപ്പെടുന്നത്. രാജ്യത്തെ പല ഭാഗത്തും ദേവീ പൂജയിൽ ചെറിയ മാറ്റങ്ങളും ദൃശ്യമാണ്. ഇതിനൊപ്പം ഉത്തരഭാരതത്തിൽ നവരാത്രി കാലത്ത് വിജയദശമി നാളിൽ ദസറയ്ക്കും തുല്യപ്രാധാന്യമാണ്. രാവണ നിഗ്രഹം നടത്തിയ ശ്രീരാമചന്ദ്രന്റെ ധർമ്മവിജയമാണ് ആഘോഷിക്കുന്നത്. രാംലീല പരിപാടികൾ ഏറെ പ്രസിദ്ധമാണ്. രാവണന്റെ പടുകൂറ്റൻ കോലം കത്തിച്ചാണ് ചടങ്ങുകൾ സമാപിക്കുന്നത്. അതേസമയം പശ്ചിമ ബംഗാളിൽ ദുർഗ്ഗ പൂജയ്ക്കാണ് പ്രാധാന്യം. ഗുജറാത്തിൽ ഗർബ നൃത്തം അവതരിപ്പിച്ചാണ് നവരാത്രി ആഘോഷിക്കുന്നതെങ്കിൽ, ദക്ഷിണേന്ത്യയിൽ കാണുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമാണ് ബൊമ്മക്കൊലു അഥവ നവരാത്രി ക്കൊലു.
നവരാത്രി ദിനങ്ങൾക്ക് പുണ്യം പകർന്ന് ബൊമ്മക്കൊലു ഒരുക്കുന്നു. സർവ്വം ബ്രഹ്മമയം എന്ന ആശയത്തിന്റെ പൂർത്തീകരണമായി ഇതിനെ കാണുന്നു. ദേവീപ്രീതിക്കായി അലങ്കരിച്ച കലശം വെച്ച്് ബൊമ്മകൾ പടികളിൽ നിരത്തി ദേവീപൂജ നടത്തുന്നതാണ് ബൊമ്മക്കൊലു ആചാരം.
ദുർഗ്ഗാരൂപത്തിൽ മഹിഷാസുര നിഗ്രഹത്തിനായി അവതരിച്ച ദേവി, ദേവഗണങ്ങളെ വരുത്തി അവരെ സിംഹം, ആന, കടുവ തുടങ്ങിയ രൂപങ്ങളാക്കി അസുരനിഗ്രഹം നടത്തി. ദുർഗ്ഗാഷ്ടമി നാളിൽ മഹിഷാസുര നിഗ്രഹത്തിനായി സേവനാർത്ഥം ദേവിയെ സഹായിച്ച എല്ലാ ദേവീദേവന്മാരേയും അതേ രൂപത്തിൽ ആരാധിച്ചാൽ മാത്രമേ പൂർണ്ണ അനുഗ്രഹം ലഭിക്കൂ എന്നാണ് വിശ്വാസം.
അസുരനിഗ്രഹത്തിനുശേഷം മഹാനവമി ദിനത്തിൽ ദേവി യോഗനിദ്രയിൽ ആണ്ടു. വിജയദശമി നാളിൽ നിദ്രയിൽ നിന്നും ഉണർന്ന ദേവി സരസ്വതി രൂപത്തിൽ അനുഗ്രഹം നൽകിയതായും പറയപ്പെടുന്നു.
ദേവീവിഗ്രഹത്തിനുചുറ്റും ബൊമ്മ വെച്ച് ആരാധിക്കുന്നത് ജീവിത ദുഖ നിവാരണ മാർഗമായി കണക്കാക്കുന്നു. സമസ്ത ഐശ്വര്യത്തിനായി ബൊമ്മക്കൊലു ഒരുക്കി ലളിതാസഹസ്രനാമം ചൊല്ലി നവരാത്രി കാലത്ത് നടത്തുന്ന ആരാധാന ഏറെ വിശിഷ്ടമാണ്. മധു, മഹിഷാസുരൻ, നിശുംഭൻ, ധൂമ്രലോചനൻ,രക്തബീജൻ, ശുംഭൻ, ചണ്ഡൻ, മുണ്ഡൻ, കൈടഭൻ എന്നീ ഒൻപത് അസുരന്മാരെ ദുർഗ്ഗാദേവി നിർഗ്രഹിച്ചപ്പോൾ, ദേവിയുടെ വിജയത്തിനായി സർവ്വചരാചരങ്ങളും പ്രാർത്ഥനയിലാണ്ടത്തിന്റെ ഓർമ്മ പുതുക്കൽ ആണ് ബൊമ്മക്കൊലു എന്നൊരു വിശ്വാസം കൂടിയുണ്ട്.
ധർമ്മശാസ്ത്രവിധിപ്രകാരം മുപ്പത്തിമുക്കോടി ദേവീദേവന്മാർ വസിക്കുന്ന ഭൂമിയിൽ എല്ലാ ദേവഗണങ്ങളെയും പ്രീതിപ്പെടുത്താൻ വേണ്ടിയാണ് ദേവതകളുടെ രൂപസാദൃശ്യമുള്ള ബൊമ്മകൾ പടികളിൽ അലങ്കരിച്ചുവയ്ക്കുന്നത്. മൂന്ന്, അഞ്ച്, ഏഴ്, ഒൻപത്, പതിനൊന്ന് എന്നിങ്ങനെ ഒറ്റസംഖ്യ വരുന്ന പടികളിലാണ് ബൊമ്മകൾ അലങ്കരിച്ചുവയ്ക്കുന്നത്.
ആദ്യത്തെ പടിയിൽ കലശവും , ആദിപരാശക്തിയുടെ പലരൂപങ്ങളെ അനുസ്മരിപ്പിക്കുന്ന പാവകളെയും ആണ് നിരത്തുക . മറ്റ് പടികളിൽ സന്യാസി ശ്രേഷ്ഠന്മാരുടെയും , വീരന്മാരുടെയും പാവകളും, കല്യാണം , മറ്റു കലകൾ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന പാവകളെയുമാണ് അണിനിരത്തുക .ഓരോ വർഷവും മുൻ വർഷത്തേക്കാൾ ഒരു പാവ കൂടുതലായി വെക്കണം എന്നുള്ളത് ആചാരമാണ് .
മൂന്ന് മുതൽ ഒൻപത് ദിവസം വരെ പാവകളെ വെച്ച് ആരാധിക്കുക പതിവാണ് . മഹാനവമിയുടെ അന്ന് ആദിപരാശക്തിയുടെ ബൊമ്മകൾക്ക് അടുത്തായി പുസ്തകങ്ങളും മറ്റും പൂജ വെക്കുകയും , വിജയദശമിയുടെ അന്ന് വിദ്യാരംഭം കുറിച്ച് പൂജ വെച്ചിരിക്കുന്ന സാധനങ്ങൾ തിരിച്ചെടുക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ സമ്പന്നവും വർണ്ണാഭമായതുമായ ചരിത്ര-സാംസ്കാരിക പൈതൃകത്തിന്റെ ആനന്ദകരമായ ഓർമ്മപ്പെടുത്തലാണ് ഇത്തരത്തിൽ ഉള്ള നവരാത്രി ആഘോഷങ്ങൾ.
Comments