തിരുവനനന്തപുരം : അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ ഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴ. ഒൻപത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. പുഴകളിലെ ജല നിരപ്പ് ഉയരുന്നതിനാൽ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. തൃശ്ശൂർ, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അറബിക്കടലിലെ ചക്രവാത ചുഴിയ്ക്ക് പുറമേ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നാളെ ഉച്ചയോടെയാകും ന്യൂനമർദ്ദം രൂപപ്പെടുക. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അടുത്ത നാല് ദിവസം മഴ തുടരുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ , ഓറഞ്ച് അലർട്ടുകൾ ഏർപ്പെടുത്തി. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി.
Comments