കോഴിക്കോട്: ഒരിക്കലും താൻ ബിജെപി വിടില്ലെന്ന് സംവിധായകൻ അലി അക്ബർ. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെക്കുക മാത്രമാണ് ചെയ്തതെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നും സംഘിയായി തുടരുമെന്നും അക്കാര്യത്തിൽ ആർക്കും യാതൊരു സംശയവും വേണ്ടെന്നും അലി അക്ബർ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
നുണ ലോകം ചുറ്റി വരുന്നതിന് മുൻപേ സത്യം നിങ്ങളുടെ മുൻപിലെത്തണം. അതിനാണ് നേരിട്ട് പറയുന്നതെന്ന ആമുഖത്തോടെയായിരുന്നു അലി അക്ബറിന്റെ വാക്കുകൾ. പെരുംനുണകളാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അലി അക്ബർ ബിജെപിയിൽ നിന്ന് രാജിവെച്ചുവെന്ന് ആരും കരുതണ്ട. അലി അക്ബർ ബിജെപിക്ക് ഒപ്പം ഉണ്ട്. സംഘത്തോടൊപ്പം ഉണ്ട്.
ഒരു കലാകാരൻ എന്ന നിലയ്ക്ക് ചുറ്റുപാടുമുളള കാര്യങ്ങളിൽ അപ്പപ്പോൾ പ്രതികരിക്കുന്ന സ്വഭാവമുണ്ട്. നസീറിന്റെ കാര്യത്തിലും അങ്ങനെ പ്രതികരിച്ചു എന്നേ ഉളളൂ. ആ വ്യക്തിപരമായ അഭിപ്രായമാണ് ഇട്ടത്. സാധാരണ പ്രവർത്തകനായി താമരയും പിടിച്ചു നിൽക്കാനാണ് താൽപര്യം. അതിൽ നിന്നും ആർക്കും പിന്തിരിപ്പിക്കാൻ കഴിയില്ല.
എല്ലാവരെയും സമചിത്തതയോട് കൂടി സമീപിക്കുന്ന ആളാണ് താൻ. മൂന്ന് ദിവസം മുൻപാണ് താൻ രാജിവെച്ച് ഇ മെയിൽ അയച്ചത്. മാദ്ധ്യമങ്ങൾക്ക് അത് എവിടെ നിന്നോ ചോർന്ന് അവർക്ക് ഇഷ്ടമുളളതുപോലെ വാർത്തകൾ നൽകുകയാണ്. താൻ ആരെയും ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും അലി അക്ബർ പറഞ്ഞു.
Comments