കലിയുഗത്തിനാവശ്യം സംഘടനാ ശക്തിയാണ് എന്ന ചിന്തയോടെ 1925 സെപ്റ്റംബർ 27 ന് ഒരു വിജയ ദശമി ദിനത്തിലാണ് ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ രാഷ്‌ട്രീയ സ്വയംസേവക സംഘം ആരംഭിച്ചത് . രേഷംബാഗിലെ മോഹിതെവാഡെ സംഘസ്ഥാനിൽ വിരലിലെണ്ണാവുന്ന കിശോരന്മാരിൽ നിന്ന് തുടങ്ങിയ ആർ.എസ്.എസ് ഭാരതത്തിനകത്തും പുറത്തും ശാഖോപശാഖകളായി പടർന്ന് പന്തലിച്ച ഒരു മഹാപ്രസ്ഥാനമായി ഇന്ന് മാറിയിരിക്കുന്നു. ദേശീയ നവോത്ഥാനത്തിന്റെ സാരഥിയായി 96 വർഷങ്ങൾ പിന്നിടുകയാണ് ആർ.എസ്.എസ്. സംഘസ്ഥാപനം കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു.
ആത്മ വിസ്മൃതിയിലാണ്ട് കിടന്ന ഒരു ജനതയെ ഉണർത്തിയ വിവേകാനന്ദ സ്വാമികൾ അച്ചടക്കമുള്ള സംഘടനയുടെ അഭാവമാണ് സമാജം നേരിടുന്ന പ്രശ്നമെന്ന് ഉദ്ബോധിപ്പിച്ചു. സംഘം ആരംഭിക്കുമ്പോൾ ഹെഡ്ഗേവാറിന്റെ മനസ്സിലുണ്ടായിരുന്നതും ഈ വിവേകവാണികളായിരുന്നു. യഥാർത്ഥ ദേശീയ ശക്തിയുടെ അഭാവമാണ് വിദേശഭരണത്തിന് കളമൊരുക്കിയത് എന്ന് മനസ്സിലാക്കിയ അദ്ദേഹം ദേശീയതയെ പ്രോജ്ജ്വലിപ്പിക്കുന്ന ഒരു സംഘടനയ്‌ക്ക് വേണ്ടി ചിന്തിച്ചു .എല്ലാം രാഷ്‌ട്രത്തിന്റേതാണ് എന്ന് ചിന്തിക്കുന്ന ഒരു തലമുറ ഉയർന്ന് വന്നില്ലെങ്കിൽ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതം വീണ്ടും അടിമത്തത്തിലകപ്പെടും എന്ന് ആ ക്രാന്തദർശി തിരിച്ചറിഞ്ഞു.
1925 സെപ്റ്റംബർ 27 ന് നാഗപ്പൂരിലെ മോഹിതെവാഡയിലെ മൈതാനത്ത് അങ്ങനെ ആദ്യത്തെ ‘ശാഖ’ യ്‌ക്ക് അദ്ദേഹം തുടക്കമിട്ടു . പ്രസിദ്ധിക്ക് നേരേ മുഖം തിരിച്ച് സാമൂഹികവും മാനുഷികവും രാഷ്‌ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവിരാമമായി പ്രവർത്തിച്ച അദ്ദേഹം സ്വാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് സംഘം സ്ഥാപിച്ചത് . അതിന്റെ എല്ലാ ഘടകങ്ങളിലും ദേശീയത ഇണക്കിച്ചേർക്കാൻ അദ്ദേഹം യത്നിച്ചു . തന്റെ അഭാവത്തിലും യാതൊരു പരിക്കുമേൽക്കാതെ മുന്നോട്ട് പോകുന്ന വിധത്തിൽ കുറ്റമറ്റതായി സംഘത്തെ രൂപകൽപ്പന ചെയ്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .
കാലത്തിനൊത്ത് പ്രതിസന്ധികളെ നേരിട്ട് വളരാനും പടർന്ന് പന്തലിക്കാനും കഴിയുന്ന ഒരു മഹാവൃക്ഷത്തിന്റെ വിത്തായിരുന്നു അദ്ദേഹം ഭാരതത്തിന്റെ മണ്ണിലുറപ്പിച്ചത് കേവലം കൗമാരക്കാരായ വിരലിലെണ്ണാവുന്ന ബാലന്മാരെ വച്ചു തുടങ്ങിയ ആ സംഘടന ഭാരതത്തിന്റെ നെടുനായകത്വം വഹിച്ച് മുന്നോട്ടു പോകുകയാണ്.
രാജനൈതിക മേഖലയിൽ ഭാരതീയ ജനതാ പാർട്ടി , വിദ്യാർത്ഥി മേഖലയിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, തൊഴിൽ മേഖലയിൽ ഭാരതീയ മസ്ദൂർ സംഘ്, ലോകത്തിലെത്തന്നെ ഏറ്റവും വലിയ കുട്ടികളുടെ പ്രസ്ഥാനങ്ങളിലൊന്നായ ബാലഗോകുലം, ക്ഷേത്രങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാക്കാൻ പ്രവർത്തിക്കുന്ന ക്ഷേത്ര സംരക്ഷണ സമിതി, വിശ്വഹിന്ദു പരിഷദ്, ഏത് പ്രകൃതി ദുരന്തത്തിലും സഹായവുമായി എത്തുന്ന, മാനവസേവ മാധവസേവ എന്ന് പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന സേവാഭാരതി, ശാസ്ത്ര ചിന്തകൾ സമൂഹത്തിലെത്തിക്കാൻ യത്നിക്കുന്ന സ്വദേശി ശാസ്ത്ര പ്രസ്ഥാനം, വനവാസി സഹോദരങ്ങളുടെ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുന്ന വനവാസി കല്യാണാശ്രമം തുടങ്ങി നിരവധി സംഘടനകൾ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ ആശയാടിത്തറയിൽ രൂപം കൊണ്ടിട്ടുണ്ട് .
1975 ൽ ഏകാധിപത്യത്തിന്റെ കരാളതയിൽ ഭാരതം അടിയന്തരാവസ്ഥയെ നേരിട്ടപ്പോൾ ജനതയെ സംഘടിപ്പിച്ച് ജനാധിപത്യത്തെ സംരക്ഷിച്ചവരുടെ മുൻ നിരയിലും രാഷ്‌ട്രീയ സ്വയംസേവക സംഘം ഉണ്ടായിരുന്നു. ഭാരതം നേരിട്ട പാകിസ്ഥാൻ ചൈന ആക്രമണങ്ങളിൽ രാഷ്‌ട്രം ആവശ്യപ്പെട്ട എല്ലാ സേവനങ്ങൾക്കും സ്വയംസേവകർ മുന്നിലുണ്ടായിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വേറിടൽ വാദത്തേയും പഞ്ചാബിലെ ഖാലിസ്ഥാൻ വാദത്തേയും ദേശീയതയുടെ പരിചകൊണ്ട് ആർ.എസ്.എസ് കരുത്തോടെ നേരിട്ടു. ഈ രാജ്യത്തെ വെട്ടിമുറിക്കാനുള്ള കമ്യൂണിസ്റ്റ് ഭീകരതയുടെ ഗൂഢാലോചനകളെ തുറന്നുകാട്ടി. രാഷ്‌ട്രത്തിനെതിരെയുള്ള ഒരു വെല്ലുവിളികളും ചോദ്യം ചെയ്യപ്പെടാതെ പോകില്ലെന്ന് പ്രഖ്യാപിച്ചു. പ്രവർത്തിച്ചു.
വിജയിച്ചു തനതായ വ്യക്തിത്വവും സമ്പത്തും വിദ്യാഭ്യാസവും എല്ലാമുണ്ടായിട്ടും ദേശീയ ബോധത്തിന്റെ അഭാവമാണ് ഭാരതം ദീർഘനാളായി വൈദേശിക അടിമത്തത്തിലാണ്ടു പോകാൻ കാരണമായത് . ഇനിയൊരിക്കലും ഒരു അധിനിവേശത്തിനും ഭാരതം കീഴടങ്ങുകയില്ലെന്ന് പ്രഖ്യാപിച്ച് സ്വപ്രേരണയാലേ രാഷ്‌ട്രഹിതത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്വയം സേവകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘം മുന്നോട്ടു പോകുകയാണ്. അഭിമാനത്തോടെ .. അചഞ്ചലരായി ..















Comments