കശ്മീർ: പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വിവിധ തീവ്രവാദ സംഘടനകളുമായി പാക് ചാര സംഘടനയായ ഐഎസ്‌ഐ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. സെപ്തംബർ 21ന് ഭീകരരുമായി ഐഎസ്‌ഐ നേതാക്കൾ കൂടിക്കാഴ്ച നടത്തിയെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. രഹസ്യാന്വേഷണ ഏജൻസികളാണ് രഹസ്യയോഗം നടന്നതായി കണ്ടെത്തിയത്. ജമ്മു-കശ്മീരിൽ വലിയ തോതിൽ ആക്രമണങ്ങൾ നടത്താൻ ഐഎസ്‌ഐയുടെ നേതൃത്വത്തിൽ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ഭാഗത്തുള്ള കശ്മീരിൽ കൂടുതൽ ആക്രമണങ്ങൾ നടത്താനാണ് ഭീകരർ ലക്ഷ്യമിടുന്നത്.
പോലീസ്, സുരക്ഷ ഉദ്യോഗസ്ഥർ രഹസ്യാന്വേഷണ വിഭാഗം എന്നിവരെ സഹായിക്കുന്ന കശ്മീരികളെയാണ് ഭീകരർ പ്രധാനമായും ലക്ഷ്യമിടുന്നത്. ബിജെപി-ആർഎസ്എസ് എന്നിവരുമായി അടുത്ത് പ്രവർത്തിക്കുന്ന കശ്മീരികളേയും, കശ്മീരിന് പുറത്തുള്ളവരേയും വധിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത് പ്രകാരം 200ഓളം പേരുടെ ഹിറ്റ് ലിസ്റ്റാണ് ഭീകരർ തയ്യാറാക്കിയിരിക്കുന്നത്. ആളുകളെ കൊന്നൊടുക്കുന്നത് വഴി താഴ്‌വരയിലെ സമാധാന അന്തരീക്ഷം തകർക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. നിരവധി കശ്മീരി പണ്ഡിറ്റുകളുടെ പേരുകളും ലിസ്റ്റിലുള്ളതായാണ് വിവരം. കേന്ദ്രസർക്കാരുമായി അടുത്ത് പ്രവർത്തിക്കുന്ന മാദ്ധ്യമ പ്രവർത്തകരേയും ഭീകരർ നോട്ടമിട്ടിട്ടുണ്ട്.
സുരക്ഷാ ഏജൻസികളുടെ നോട്ടപ്പുള്ളികളല്ലാത്ത ഭീകരരെ ഉപയോഗിച്ച് ലക്ഷ്യം നടപ്പാക്കണമെന്നാണ് ഐഎസ്‌ഐയുടേയും ഭീകര സംഘടനകളുടേയും തീരുമാനം. കശ്മീരിൽ സാധാരണ ജോലികൾ ചെയ്യുന്ന ആളുകളെ ഇതിനായി തിരഞ്ഞെടുക്കും. ഇതിന് പുറമെ നിയന്ത്രണ രേഖ വഴി ഇന്ത്യയിലേക്ക് വലിയ തോതിൽ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കടത്തുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Comments