കൊച്ചി: ആമസോണിൽ നിന്നും 70,900 രൂപയുടെ ഐഫോൺ 12 ഓർഡർ ചെയ്ത ആലുവ സ്വദേശിയായ പ്രവാസിയ്ക്ക് ലഭിച്ചത് വിം സോപ്പും അഞ്ച് രൂപയുടെ നാണയവും. ആലുവ തോട്ടുമുഖം സ്വദേശിയായ നൂറുൾ അമീനാണ് പറ്റിക്കപ്പെട്ടത്. ആമസോണിലും പോലീസിലും യുവാവ് പാരാതി നൽകിയിട്ടുണ്ട്. ഒക്ടോബർ 12നാണ് ആഫോൺ ഐസിഐസിഐ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ഇദ്ദേഹം വാങ്ങുന്നത്.
ആമസോൺ പ്രൈം മെമ്പറാണ് താനെന്നും 2015 മുതൽ ഇതിൽ നിന്നും സാധങ്ങൾ വാങ്ങാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. എന്നാൽ 70,000 രൂപയിൽ അധികം മുടക്കി സാധനങ്ങൾ വാങ്ങുന്നത് ആദ്യമാണ്. ഇന്ന് രാവിലെയാണ് ഡെലിവറി പാക്കറ്റുമായി ഏജന്റ് എത്തിയത്. അടുത്തിടെ ഇത്തരം തട്ടിപ്പ് നടന്ന വാർത്ത കണ്ടതിനാൽ ഏജന്റിന്റെ മുന്നിൽ തന്നെ നിന്നാണ് പാക്കറ്റ് തുറന്നത്.
ഒരു വിം സോപ്പും അഞ്ച് രൂപയുടെ നാണയവുമാണ് പാക്കറ്റിൽ ഉണ്ടായിരുന്നത്. ഖത്തറിൽ പ്രവാസിയായ നൂറുൾ കഴിഞ്ഞ രണ്ടാഴ്ച്ചയായി നാട്ടിലുണ്ട്. അമസോണിൽ പരാതിപ്പെട്ടപ്പോൾ രണ്ട് ദിവസത്തെ സമയം കമ്പനി ചോദിച്ചിട്ടുണ്ടെന്നും നൂറുൾ പറഞ്ഞു. തുടർന്നാണ് ആലുവ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഐഎംഇഐ നമ്പർ ഉപയോഗിച്ച് ഐഫോൺ തട്ടിയെടുത്തവരെ കണ്ടെത്താൻ സാധിക്കുമോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
സമാനമായ സംഭവം കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. അന്ന് ചണ്ഡീഗഡ് സ്വദേശിയായ സിമ്രൻപാൽ സിംഗ് ആണ് പറ്റിക്കപ്പെടുന്നത്. ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ ഓർഡർ ചെയ്ത ഇയാൾക്ക് കിട്ടുന്നത് നിർമ്മ ബാർ സോപ്പായിരുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സമീപകാലത്തായി പുറത്തുവരുന്നത്. സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ അത് ഡെലിവറി ബോയിയുടെ മുന്നിൽ വെച്ച് തന്നെ തുറക്കണം എന്നാണ് ഫ്ലിപ്കാർട്ട് പറയുന്നത്.
Comments