ദുബായ്: ഐപിഎല്ലിൽ വീണ്ടും ചാമ്പ്യൻമാരായി ചെന്നൈ സൂപ്പർ കിംഗ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തകർത്താണ് ചെന്നൈ സൂപ്പർ കിംഗ്സ് കിരീടം നേടിയത്. ചെന്നൈയുടെ നാലാമത്തെ ഐപിഎൽ കിരീടമാണിത്.
ചെന്നൈയ്ക്കെതിരെ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ കഴിഞ്ഞുളളൂ. 2012 സീസണിലെ കലാശക്കളിയിൽ കൊൽക്കത്തയോട് ഏറ്റ തോൽവിക്ക് മധുരപ്രതികാരം കൂടിയായി ചെന്നൈയ്ക്ക് ഈ വിജയം.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ഫാഫ് ഡുപ്ലെസി 86 റൺസ് നേടി. 59 പന്തിൽ നിന്നായിരുന്നു ഫാഫിന്റെ തകർപ്പൻ പ്രകടനം. അവസാന ഓവറുകളിൽ ഫാഫിന്റെ തകർപ്പൻ പ്രകടനമാണ് ചെന്നൈയുടെ സ്കോർ 192 ലെത്തിച്ചത്. ഏഴ് ഫോറുകളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു ഫാഫിന്റെ പ്രകടനം. 27 പന്തിൽ നിന്ന് 32 റൺസെടുത്ത ഋതുരാജ് ഗെയ്ക്ക് വാദും 15 പന്തിൽ നിന്ന് 35 റൺസെടുത്ത റോബിൻ ഉത്തപ്പയും 20 പന്തിൽ നിന്ന് പുറത്താകാതെ 37 റൺസെടുത്ത മൊയിൻ അലിയും ചെന്നൈയുടെ റൺവേട്ടയിൽ ഭേദപ്പെട്ട സംഭാവനകൾ നൽകി.
കൊൽക്കത്തയ്ക്കായി നാല് ഓവറിൽ സുനിൽ നരേയ്ൻ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത കളി പകുതി ഓവറുകൾ പിന്നിടുമ്പോൾ പോലും വിജയം ഉറപ്പിച്ച നിലയിലായിരുന്നു. 10.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 91 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത. ശുഭ്മാൻ ഗിൽ, വെങ്കടേഷ് അയ്യർ ഓപ്പണിംഗ് കൂട്ടുകെട്ട് 64 പന്തിൽ നിന്നാണ് കൊൽക്കത്തയെ 91 റൺസിലെത്തിച്ചത്.
32 പന്തിൽ നിന്ന് മൂന്ന് ഫോറും അഞ്ച് സിക്സറുമടക്കം 50 റൺസെടുത്ത വെങ്കടേഷ് അയ്യർ ഷാർദ്ദൂൽ താക്കൂറിന്റെ പന്തിൽ ജഡേജയ്ക്ക് പിടി നൽകി മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് വഴിപിരിഞ്ഞത്. പിന്നീട് വന്ന നിതീഷ് റാണയ്ക്കും സുനിൽ നരെയ്നും അധികം പിടിച്ചുനിൽക്കാനായില്ല. 14 ാം ഓവറിൽ ശുഭ്മാൻ ഗില്ലിനെ ചാഹർ എൽബിയിൽ കുരുക്കിയതോടെ കൊൽക്കത്തയുടെ പതനം ഏറെക്കുറെ പൂർത്തിയായി. പിന്നീട് അവസാനം ഇറങ്ങിയ ശിവം മാവിക്കും (13 പന്തിൽ നിന്ന് 20) ലോക്കി ഫെർഗൂസനും (11 പന്തിൽ നിന്ന് പുറത്താകാതെ 18 ) മാത്രമാണ് കൊൽക്കത്ത നിരയിൽ രണ്ടക്കം കടക്കാനായത്.
















Comments