മലപ്പുറം: കേരളം താൻ പൂർണമായും വിട്ടുവെന്ന് പി.വി അൻവർ എംഎൽഎ. ഇവിടെ ഒരു പെട്ടിക്കട പോലും തുടങ്ങാൻ പാടില്ലെന്ന് തീരുമാനിച്ചവനാണ് താനെന്ന് അൻവർ പറഞ്ഞു. ഈ മണ്ണിൽ രാഷ്‌ട്രീയവും വ്യക്തിത്വവും പാർട്ടിയോടുള്ള ആത്മാർത്ഥതയും നിലനിർത്തി പ്രവർത്തിക്കണമെങ്കിൽ ഒരു കച്ചവടവും ഇവിടെ പാടില്ലെന്നാണ് തന്റെ തീരുമാനമെന്ന് അൻവർ പറഞ്ഞു. ആഫ്രിക്കയിലെ സിയാറ ലിയോണിൽ നിന്നെത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻവർ.
കോൺഗ്രസുകാർ ടോർച്ചടിച്ച് നോക്കേണ്ടത് തന്നെ തിരഞ്ഞ് നോക്കിക്കൊണ്ടല്ല. എഐസിസി ആസ്ഥാനത്തേയ്‌ക്കാണ് ടോർച്ചടിക്കേണ്ടത്. കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിനെ തകർത്തുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിനെ തകർക്കാൻ ബിജെപി ഏൽപ്പിച്ച ഏജന്റായി പ്രവർത്തിക്കുകയാണ് കെസി വേണുഗോപാലെന്നും അൻവർ ആരോപിച്ചു.
പരനാറികളായിട്ടുള്ള ചില ആളുകൾ ഇവിടെയുണ്ട്. എംഎൽഎ ആയി കഴിഞ്ഞാൽ അല്ലെങ്കിൽ പാർട്ടിയുടെ നേതൃത്വത്തിൽ വന്നാൽ എന്ത് തെമ്മാടിത്തരവും പറയാമെന്നാണ് ഇവരുടെ തോന്നൽ. അതെല്ലാം കേട്ട് സഹിക്കണം എന്ന ധാരണ ചില ആളുകൾക്കുണ്ട്. ഇങ്ങോട്ട് കാണിക്കുന്ന സംസ്‌കാരത്തിന്റെ ഒരു പരിധി വരെ നമ്മളൊക്കെ ക്ഷമിക്കും. അത് പരിധിവിട്ടാൽ അതിനനുസരിച്ച് മറുപടി കൊടുക്കാൻ വ്യക്തിപരമായി താൻ ബാദ്ധ്യസ്ഥാനാണെന്നും അൻവർ വ്യക്തമാക്കി.
ബിസിനസ് ആവശ്യത്തിന് തുടരെ നാട്ടിൽ നിന്നും പോവുന്ന പിവി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. എംഎൽഎക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. കഴിയില്ലെങ്കിൽ പണി മതിയാക്കി പോകാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. 15ാം കേരള നിയമസഭ 29 ദിവസങ്ങൾ ചേർന്നപ്പോൾ പി.വി അൻവർ വെറും അഞ്ച് ദിവസം മാത്രമാണ് ഹാജരായതെന്ന് സെക്രട്ടറിയേറ്റ് നൽകിയ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരുന്നു.
Comments