ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡിയയെയും ഇയാളുടെ കൂട്ടാളിയേയുമാണ് വധിച്ചത്. രണ്ട് സേനാംഗങ്ങൾ മരിക്കാനിടയായ ഭീകരാക്രമണത്തിലെ പങ്കാളികളാണ് ഇരുവരും.
പാംപോരിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെയാണ് മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഉച്ചയോടെ ഖാണ്ഡിയയെ വളഞ്ഞതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. രണ്ട് മണിയോടെയാണ് ഭീകരനെ വധിച്ച വിവരം സുരക്ഷാ സേന പുറത്തുവിട്ടത്. പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. സുരക്ഷാസേനയെ കണ്ട ഭീകരർ ഒളിത്താവളത്തിൽ നിന്നും ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ ആളൊഴിഞ്ഞ മൂന്ന് നില കെട്ടിടത്തിലാണ് ഖാണ്ഡിയയും സംഘവും ഒളിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരായ മൊഹ്ദ് യൂസഫ്, സുഹൈൽ അഫ് എന്നിവരാണ് ഖാണ്ഡിയയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ വിവിധയിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിലും ഇവർക്ക് പങ്കുണ്ട്.ഏറ്റുമുട്ടൽ പ്രദേശത്തു നിന്നും വൻ ആയുധശേഖരം കണ്ടെടുത്തിട്ടുണ്ട്.
Comments