നീരവ് മോദിക്ക് യുഎസിലും തിരിച്ചടി; നഷ്ടപരിഹാരം നൽകേണ്ടി വരും; സാമ്പത്തിക വഞ്ചന ശരിവെച്ച് കോടതി

Published by
Janam Web Desk

ന്യൂയോർക്ക്: സാമ്പത്തിക തട്ടിപ്പിന് ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന വജ്രവ്യാപാരി നീരവ് മോദിക്ക് യുഎസിലും തിരിച്ചടി. ബിനാമി ഇടപാടിലൂടെ നീരവ് നിയന്ത്രിച്ചിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ തുടർ നടപടികൾ ഒഴിവാക്കണമെന്ന അപേക്ഷ കോടതി തളളി. ന്യൂയോർക്കിലെ പാപ്പർ കോടതിയാണ് ഹർജി തളളിയത്.

ഫയർസ്റ്റാർ ഡയമണ്ട്, ഫാന്റസി ഇൻക്, എ ജഫെ എന്നീ കമ്പനികളുമായി ബന്ധപ്പെട്ട കേസിലാണ് വിധി. മോദിക്കൊപ്പം മിഹിർ ഭൻസാലി, അജയ് ഗാന്ധി എന്നിവരാണ് കമ്പനി നിയന്ത്രിച്ചിരുന്നത്. ഇവരുടെ തട്ടിപ്പ് മൂലം സാമ്പത്തിക നഷ്ടം നേരിട്ടവർക്ക് കുറഞ്ഞത് 15 മില്യൻ യുഎസ് ഡോളറെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിയോഗിച്ച ട്രസ്റ്റി റിച്ചാർഡ് ലെവിൻ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളും ആരോപണങ്ങളും തളളണമെന്ന് ആവശ്യപ്പെട്ടായിരുന്നു നീരവ് മോദി സതേൺ ഡിസ്ട്രിക്ട് ന്യൂയോർക്ക്് ബാങ്ക്‌റപ്റ്റി കോടതിയെ സമീപിച്ചത്.

വഞ്ചന, വിശ്വാസത്തിൽ അധിഷ്ടിതമായ ഉത്തരവാദിത്വത്തിന്റെ ലംഘനം ഉൾപ്പെടെയുളള കുറ്റങ്ങളാണ് നീരവ് മോദിക്കും കൂട്ടാളികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ തട്ടിപ്പിലൂടെ പഞ്ചാബ് നാഷണൽ ബാങ്കിനും മറ്റ് ബാങ്കുകൾക്കുമായി ഒരു ബില്യൻ യുഎസ് ഡോളറിലധികം നഷ്ടം നേരിട്ടതായും 60 പേജ് വരുന്ന ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു. കമ്പനിയിൽ നിന്നുളള ലാഭം സ്വന്തം കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ച് അധികവിൽപനയെന്ന് തെറ്റിദ്ധരിപ്പിച്ച് ഓഹരിവിലയും കമ്പനി മൂല്യവും പെരുപ്പിച്ച് കാട്ടിയായിരുന്നു തട്ടിപ്പെന്നും കോടതി ഉത്തരവിൽ പരാമർശിച്ചു.

നിലവിൽ യുകെയിൽ ജയിലിലാണ് നീരവ് മോദി. ഇയാളെ ഇന്ത്യയിലെത്തിക്കാനുളള നടപടികൾ കേന്ദ്രസർക്കാർ നീക്കുന്നുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,334 കോടി രൂപ തട്ടിയെടുത്ത് രാജ്യം വിട്ട കേസിലാണ് ഇന്ത്യയിൽ നീരവ് മോദി നടപടി നേരിടുന്നത്.

Share
Leave a Comment