തിരുവനന്തപുരം : സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് പരിപാടിയ്ക്കെതിരെ ബാലാവകാശ കമ്മീഷനും, വാർത്താ വിതരണ വകുപ്പിനും പരാതി. പരിപാടിയിൽ അതിഥിയായി എത്തിയ ചലച്ചിത്ര താരം മുക്ത നടത്തിയ പരാമർശങ്ങളാണ് പരാതിയ്ക്ക് ആധാരം. സ്ത്രീപക്ഷ- ബാലാവകാശ പ്രവർത്തകരാണ് പരാതി നൽകിയിരിക്കുന്നത്.
മകളെക്കൊണ്ട് വീട്ടു ജോലികൾ ചെയ്യിക്കാറുണ്ടെന്നും, പെൺകുട്ടികൾ ഇതെല്ലാം ചെയ്യണമെന്നും മുക്ത പരിപാടിയിൽ പറഞ്ഞിരുന്നു. ഇത് ബാലാവകാശ ലംഘനം ആണെന്നും ഇത് സംപ്രേഷണം ചെയ്ത പരിപാടിയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രവർത്തകർ പരാതിയുമായി ബാലാവകാശ കമ്മീഷനെയും, വാർത്താ വിതരണ വകുപ്പിനെയും സമീപിച്ചത്. പെൺകുട്ടികളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കണം. പെൺകുട്ടികൾ ഇതെല്ലാം ചെയ്ത് പഠിക്കണം. കല്യാണം കഴിക്കുന്നതുവരെയാണ് ആർട്ടിസ്റ്റ്. അതുകഴിഞ്ഞാൽ നമ്മൾ വീട്ടമ്മയാണെന്നായിരുന്നു മുക്ത സ്റ്റാർ മാജികിൽ പറഞ്ഞത്.
ലക്ഷക്കണക്കിന് ആളുകൾ കാണുന്ന പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും അറിയാൻ ശേഷിയില്ലാത്ത ബാലികയെ ഉൾപ്പെടുത്തി സംപ്രേക്ഷണം ചെയ്തിരിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്ത്രീസമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കയറ്റുന്നതിനായി വാർഷിക ബജറ്റുകളിൽ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ച് വരികയാണ്. ഇതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയിൽ തെറ്റായ സന്ദേശമാണ് പരിപാടി നൽകുന്നതെന്നും സ്ത്രീപക്ഷ- ബാലാവകാശ പ്രവർത്തകരുടെ പരാതിയിൽ പറയുന്നു.
Comments