ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടം ഒരു രാജ്യത്തിനും ഭീഷണിയാകില്ലെന്ന് താലിബാൻ. മോസ്‌കോയിൽ ചേർന്ന വിവിധ രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ് താലിബാൻ ഉപപ്രധാനമന്ത്രി അബ്ദുൾ സലാം ഹനാഫി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുൾപ്പെടെ 10 രാജ്യങ്ങൾ റഷ്യ ആതിഥേയത്വം വഹിച്ച ഈ അന്താരാഷ്‌ട്ര കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. തങ്ങൾ ഒരു രാജ്യത്തിനും ഭീഷണിയാകില്ലെന്നും, രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്നും ഹനാഫി പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി സൗഹാർദ്ദപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഹനാഫി കൂട്ടിച്ചേർത്തു.
അഫ്ഗാന്റെ മണ്ണ് അയൽരാജ്യങ്ങൾക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് താലിബാൻ ഉറപ്പു വരുത്തണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു. രാജ്യത്ത് ഭീകരവാദം വളരുന്നില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത താലിബാനുണ്ട്. ഐഎസ്, അൽഖ്വയ്ദ എന്നീ ഭീകരസംഘടനകൾ അവരുടെ പ്രവർത്തനങ്ങൾ രാജ്യത്ത് ഇപ്പോൾ വിപുലീകരിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഭീകരവാദത്തിന് പണം കണ്ടെത്താനുള്ള ലഹരിമരുന്ന് കച്ചവടവും ആഗോളസമാധാനത്തിന് ഭീഷണിയാണ്. എല്ലാവർക്കും പങ്കാളിത്തമുള്ള ഭരണകൂടം അഫ്ഗാനിൽ വരുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ലവ്‌റോവ് പറഞ്ഞു.
ചർച്ചയിൽ ഇന്ത്യയും സമാന നിലപാട് സ്വീകരിച്ചതായാണ് വിവരം. വിദേശ മന്ത്രാലയത്തിലെ പാക്ക്-അഫ്ഗാൻ-ഇറാൻ ഡെസ്‌കിന്റെ മേധാവിയായ ജോയിന്റ് സെക്രട്ടറി ജെ.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. ചൈന, പാകിസ്താൻ, ഇറാൻ, തജിക്കിസ്താൻ, ഉസ്‌ബെക്കിസ്താൻ, കസാഖിസ്താൻ, കിർഗിസ്താൻ, തുർക്ക്‌മെനിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചർച്ചയിലേക്ക് അമേരിക്കയേയും യോഗത്തിലേക്ക് ക്ഷണിച്ചുവെങ്കിലും, യോഗത്തിൽ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കൻ പ്രതിനിധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദോഹ ചർച്ചകൾക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടേയും അഫ്ഗാന്റെയും പ്രതിനിധികൾ ഒരു ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഒരുമിച്ച് പങ്കെടുക്കുന്നത്.
ഹനാഫിക്ക് പുറമെ താലിബാന്റെ ഭാഗത്ത് നിന്ന് വിദേശകാര്യമന്ത്രാലയം പ്രതിനിധി അബ്ദുൾ ഖഹർ ബാൽക്കിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്താനിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും, രാജ്യം നേരിടുന്ന പ്രശ്നങ്ങളുമാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. 2017ലാണ് ആറ് രാജ്യങ്ങൾ പങ്കെടുത്ത് കൊണ്ട് ആദ്യമായി മോസ്‌കോ ഫോർമാറ്റ് നടത്തിയത്. റഷ്യ, അഫ്ഗാനിസ്താൻ, ഇന്ത്യ, ഇറാൻ, ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് ആദ്യ മോസ്‌കോ ഫോർമാറ്റിൽ പങ്കാളികളായത്. അഫ്ഗാനിൽ താലിബാൻ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് അവരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് മോസ്‌കോ ഫോർമാറ്റ് നടത്തുന്നത്.
















Comments