മോൻസന്റെ സാമ്പത്തിക തട്ടിപ്പുകൾ അറിഞ്ഞത് തെറ്റിപ്പിരിഞ്ഞ ശേഷം; അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

Published by
Janam Web Desk

കൊച്ചി: വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിയായ അനിത പുല്ലയിലിന്റെ മൊഴിയെടുത്തു. വീഡിയോ കോൺഫറൻസിങ്ങ് വഴിയാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴി രേഖപ്പെടുത്തിയത്. മോൻസന്റെ തട്ടിപ്പുകളെ കുറിച്ച് അറിവില്ലായിരുന്നുവെന്നും, തെറ്റിപ്പിരിഞ്ഞ ശേഷമാണ് തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതെന്നും അനിത അന്വേഷണ സംഘത്തിന് മൊഴി നൽകി. മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ പലതും അനിത അറിഞ്ഞു കൊണ്ടാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ടാണ് കേസിൽ അനിതയുടെ പേര് ആദ്യം ഉയർന്നു വന്നത്. മോൻസനുമായി അനിതയ്‌ക്ക് നിരവധി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു. സൈബർ പോലീസ് സംഘടിപ്പിച്ച കൊക്കൂൺ ഫെസ്റ്റിലെ സാന്നിദ്ധ്യം, മോൻസൻ മാവുങ്കൽ തട്ടിപ്പ് നടത്താൻ അനിതയുടെ ഉന്നതബന്ധം ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങളും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞതായാണ് വിവരം. തട്ടിപ്പുകാരനാണെന്ന് അറിയാതെയാണ് മോൻസനുമായി സൗഹൃദം സ്ഥാപിച്ചതെന്നും, തട്ടിപ്പ് പുറത്ത് വരാൻ താനും കാരണക്കാരിയാണെന്നും അനിത നേരത്തെ പറഞ്ഞിരുന്നു.

നിലവിൽ ഇറ്റലിയിൽ സ്ഥിരതാമസക്കാരിയായ അനിതയെ നാട്ടിലേക്ക് വിളിച്ച് വരുത്തണോ എന്നതിൽ തീരുമാനമായിട്ടില്ല. ഇപ്പോൾ രേഖപ്പെടുത്തിയ മൊഴിയുടേയും, തുടർ അന്വേഷണത്തിനും ശേഷമായിരിക്കും ഇതിൽ തീരുമാനമെടുക്കുന്നത്. മോൻസന്റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുൻ ഡ്രൈവർ അജി വെളിപ്പെടുത്തിയിരുന്നു. മോൻസന്റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോൻസന് പരിചയപ്പെടുത്തിയത് അനിതയാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

 

Share
Leave a Comment