തിരുവനന്തപുരം : കുഞ്ഞിനെ തന്നിൽ നിന്നും വേർപെടുത്തിയെന്ന മുൻ എസ്എഫ്‌ഐ വനിതാ നേതാവ് അനുപമയുടെ പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കേസ് എടുത്തു. ബാലാവകാശ കമ്മീഷൻ അംഗം ഫിലിപ്പ് പാറക്കോട്ടിന്റെതാണ് നടപടി.
സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് നോട്ടീസ് അയച്ചു. ഇതിന് പുറമേ ചൈൽഡ് വെൽഫയർ കമ്മറ്റി, പോലീസ്, ജില്ലാ പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ സംഭവത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
കുഞ്ഞിനെ കടത്താൻ സിപിഎം നേതാവായ പിതാവിനൊപ്പം ശിശുക്ഷേമ സമിതിയും സിഡബ്ല്യൂസിയും കൂട്ടുനിന്നെന്നാണ് അനുപമയുടെ ആരോപണം. ഇതേ തുടർന്നാണ് ബാലവാകശ കമ്മീഷൻ നോട്ടീസ് അയച്ചത്. സംഭവത്തിൽ വനിതാ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്. അനുപമയുടെ പരാതിയിൽ സംസ്ഥാന പോലീസ് മേധാവിയോടാണ് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയത്.
പിതാവ് അകറ്റിയ കുഞ്ഞിനെ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലിലാണ് അനുപമ പോലീസിൽ പരാതി നൽകിയത്. എന്നാൽ പിതാവ് പ്രമുഖ സിപിഎം നേതാവായിരുന്നതിനാൽ പരാതിയിൽ ഇടപെടാൻ പോലീസ് വിസമ്മതിക്കുകയായിരുന്നു. തുടർന്ന് പോലീസിനെതിരെ ഗുരുതര ആരോപണവുമായി അനുപമ പരസ്യമായി രംഗത്ത് വന്നു. ഇതോടെയാണ് പോലീസ് ഉൾപ്പെടെ മുൻ എസ്എഫ്‌ഐ നേതാവിന്റെ പരാതിയിൽ ഇടപെട്ടത്. സംഭവത്തിൽ വകുപ്പുതല നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.
Comments