കോട്ടയം: എംജി സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ മന്ത്രി ആർ.ബിന്ദുവിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം ഉൾപ്പെടെ 24 എസ്എഫ്‌ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് പരാതികളിലായാണ് കേസെടുത്തിരിക്കുന്നത്. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ അപമാനിക്കുകയും ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ, സ്ത്രീകളുടെ അന്തസിന് ഹാനിവരുത്തിയതിലും എസ്ഇ എസ്ടി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
എസ്എഫ്‌ഐ ജില്ലാ നേതാക്കളായ ടോണി കുര്യാക്കോസ്, പ്രജിത്ത് കെ.ബാബു, ഷിയാസ് ഇസ്മായിൽ, ഹാഷിം, സുധിൻ, ദീപക്, അമൽ, കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എ.സവാദിനെ ആക്രമിച്ച കേസിൽ മന്ത്രി ബിന്ദുവിന്റെ പഴ്‌സനൽ സ്റ്റാഫ് അംഗം കെ.എം. അരുൺ ഉൾപ്പടെ 4 പേർക്കും കണ്ടാലറിയാവുന്ന 11 പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം എംജി സർവ്വകലാശാലയിലുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷത്തിനിടെയായിരുന്നു വനിതാ നേതാവിന് മർദ്ദനമേറ്റത്. സെനറ്റ് തെരഞ്ഞെടുപ്പിൽ എഐഎസ്എഫ് എതിർ സ്ഥാനാർത്ഥിയെ നിർത്തിയതാണ് എസ്എഫ്ഐക്കാരെ ചൊടിപ്പിച്ചത്. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ പ്രവർത്തകർ എഐഎസ്എഫ്കാരെ ആക്രമിക്കുകയായിരുന്നു. സംഘർഷത്തിനിടെ പ്രവർത്തകർ ദേഹത്ത് കടന്നു പിടിക്കുകയും, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് വനിതാ നേതാവിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എസ്എഫ്‌ഐക്കാർക്കെതിരെ കേസെടുത്തത്.
Comments