പത്രപ്പരസ്യത്തിലുള്ളത് അനുപമയുടെ കുഞ്ഞ്? പിഞ്ചുകുഞ്ഞിന്റെ പരസ്യം അച്ചടിച്ചിട്ട് കൃത്യം ഒരു വർഷം

Published by
Janam Web Desk

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ തേടിയുള്ള അനുപമയുടെ വാർത്തയാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഈ സാഹചര്യത്തിൽ ഒരുവർഷം മുൻപ് പത്രത്തിൽ വന്നൊരു പരസ്യമാണ് ശ്രദ്ധനേടുന്നത്. അമ്മത്തൊട്ടിലിൽ കണ്ടെത്തിയ കുഞ്ഞിനെ ദത്തു നൽകുന്നതിന് മുന്നോടിയായി ശിശുക്ഷേമ സമിതി നൽകിയ പത്രപരസ്യമാണിത്.

പത്രത്തിൽ പരസ്യം അച്ചടിച്ചിട്ട് കൃത്യം ഒരു വർഷമാകുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 22ന് രാത്രി 12.30ന് പുലർച്ചെ ലഭിച്ച ആൺകുട്ടി എന്നാണ് പരസ്യത്തിൽ കാണിച്ചിട്ടുള്ളത്. സിദ്ധാർത്ഥൻ എന്ന പേരും സമിതി നൽകിയിട്ടുണ്ട്. അനുപമ കുഞ്ഞിനെ പ്രസവിച്ചത് ഒക്ടോബർ 19നായിരുന്നു. മൂന്നാം ദിവസം രാത്രി തന്റെ കുഞ്ഞിനെ എടുത്ത് മാറ്റിയെന്നാണ് അനുപമയുടെ പരാതി.

കുഞ്ഞിന്റെ രക്ഷകർതൃത്വവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അവകാശവാദം ഉണ്ടെങ്കിൽ തെളിവ് സഹിതം 30 ദിവസത്തിനകം ഹാജരാകണമെന്നാണ് പരസ്യത്തിലെ നിർദ്ദേശം. ഇല്ലെങ്കിൽ കുട്ടിയ്‌ക്ക് അവകാശികൾ ആരും ഇല്ലെന്ന് കണക്കാക്കുമെന്നും പരസ്യത്തിൽ പറയുന്നുണ്ട്. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ പേരിലാണ് പരസ്യം. ഇതേ ദിവസം മറ്റൊരു കുഞ്ഞിനേയും ശിശു ക്ഷേമ സമിതിയിൽ ലഭിച്ചിരുന്നു.

Share
Leave a Comment