10 കോടി വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു ഞണ്ടിന്റെ ഫോസിൽ മരക്കറയിൽ നിന്നും കണ്ടെത്തിയിരിക്കുന്നു ഒരു കൂട്ടം ഗവേഷകർ. ജലജീവിയായ ഞണ്ടിന്റെ ഫോസിൽ എങ്ങിനെ മരക്കയറിൽ നിന്നും കണ്ടെത്തി എന്നാലോചിച്ച് തലപുകയ്‌ക്കുകയാണ് ഇപ്പോൾ ശാസ്ത്ര ലോകം.
ദശാബ്ദങ്ങൾക്കപ്പുറം ജീവിച്ചിരുന്ന ദിനോസറുകളെകുറിച്ചും മാമോത്തുകളെകുറിച്ചും നമ്മളറിഞ്ഞത് ഫോസിലുകളിൽ നിന്നാണ്. മണ്ണിലും മഞ്ഞിലും പുതഞ്ഞുപോയ ഫോസിലുകളിൽ നിന്ന് കരയിൽ ജീവിച്ചിരുന്നവയെകുറിച്ച് വിവരങ്ങൾ ലഭിക്കുന്നു. കരയിൽ തന്നെ ജീവിച്ച ചില ചെറുജീവജാലങ്ങളുടെ ഫോസിലുകൾ മരക്കറയിൽ നിന്നും കണ്ടെത്താറുണ്ട്. ജലാശയ ജീവിയായ ഞണ്ടിന്റെ ഫോസിലാണ് ഇപ്പോൾ ഗവേഷകർക്ക് മരക്കറയിൽ നിന്നും ലഭിച്ചത്. വടക്കൻ മ്യാന്മറിൽ നിന്ന് കണ്ടെത്തിയ ഈ ഫോസിലിന് 10 കോടി വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ചൈന,അമേരിക്ക,കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഈ ഫോസിലിൽ പഠനം നടത്തുന്നത്.
‘ക്രെറ്റാപ്‌സര അഥാനറ്റ’ എന്നാണ് ഈ കുഞ്ഞൻ ഞണ്ടിന് പേര് നൽകിയിരിക്കുന്നത്. ഞണ്ട് ജീവിച്ചിരുന്നതായി കണക്കാക്കുന്ന ദിനോസർ യുഗ കാലമായ ക്രെറ്റേഷ്യസ്, ഏഷ്യൻ പുരാണ കഥകളിൽ ജലത്തിന്റെയും മേഘങ്ങളുടെയും ദേവതയായ അപ്‌സര എന്നിവ ചേർന്നാണ് ക്രെറ്റാപ്‌സര എന്ന വാക്കുണ്ടായത്. അനശ്വരം എന്നർത്ഥം വരുന്ന അഥാനറ്റോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അഥാനറ്റ എന്ന വാക്കുണ്ടായത്.
10 കോടി വർഷം ജീവിച്ചിരുന്ന ഈ ഞണ്ടുകൾക്ക് ഇന്ന് തീരപ്രദേശങ്ങളിൽ കാണുന്ന ഞണ്ടുകളുമായി സാമ്യമുണ്ട്. സ്പർശനികളായ കൊമ്പുകൾ, നേർത്ത രോമങ്ങൾ, വായ് ഭാഗങ്ങൾ എന്നിവ ഫോസിൽ കണ്ടെത്തിയ ഞണ്ടിനുണ്ട്. അഞ്ച് മില്ലി മീറ്റർ നീളം മാത്രമാണ് ഇതിനുള്ളത്. ഞണ്ടിന്റെ കുഞ്ഞാണിതെന്നാണ് ഗവേഷകർ കരുതുന്നത്.
ഇത് കടലിലോ പൂർണമായും കരയിലോ ജീവിച്ചിരുന്ന ഞണ്ടല്ല എന്നാണ് ഗവേഷകരുടെ അനുമാനം. വനമേഖലയിൽ ശുദ്ധജലത്തിലോ ഒരുപക്ഷേ ഉപ്പുവെള്ളത്തിലോ ജീവിച്ചിരുന്നതാകാമെന്ന് അവർ കരുതുന്നു.
മുൻകാലങ്ങളിൽ നിന്നും ലഭിച്ച ഫോസിലുകളിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തുന്നതാണ് മരക്കറയിൽ നിന്ന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ദിനോസർ യുഗത്തിൽ തന്നെ ഞണ്ടുകൾ കടൽ ജലത്തിൽ നിന്നും കരയിലേക്കും ശുദ്ധജലത്തിലേക്കും ചേക്കേറിയെന്നും ഇവയുടെ പരിണാമം കരുതിയിരുന്നതിനേക്കാളും വളരെ മുമ്പ് തന്നെ നടന്നിരിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.
ഫോസിൽ രേഖകളിൽ കടൽ ഞണ്ടുകളല്ലാത്തവ ഏകദേശം അഞ്ച് കോടി വർഷം മുമ്പാണ് രൂപപ്പെട്ടത് എന്നാണ് ഇതുവരെ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഫോസിൽ അതിന്റെ ഇരട്ടിയിലേറെ പ്രായമുള്ളതാണ്.
ഇതിലൂടെ ഞണ്ടുകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളുടെ ചുരുളഴിയുമെന്നാണ് ഗവേഷകർ കണക്കുക്കൂട്ടുന്നത്.
Comments