എറണാകുളം : കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കളക്ടർ പങ്കുവെച്ച പോസ്റ്റിന് താഴെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് എത്തിയത് നിരവധി പേർ. ജൂനിയർ മാൻഡ്രേക് എന്ന സിനിമയുടെ മീം ഉപയോഗിച്ചുള്ള ട്രോൾ പങ്കുവെച്ചതോടെയാണ് ആളുകൾ പരിഹാസവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രിയെയും ട്രോളി തുടങ്ങിയോ എന്നാണ് ആളുകൾ പരിഹസിക്കുന്നത്.
സംസ്ഥാനത്തെ പ്രതിദിന കൊറോണ കേസുകളുടെ എണ്ണം സംസ്ഥാന സർക്കാർ പുറത്തുവിട്ടതിന് പിന്നാലെയാണ് ബോധവത്കരണ ട്രോളുമായി ജില്ലാ കളക്ടർ ജാഫർമാലിക് രംഗത്ത് വന്നത്. ഇന്ന് 1168 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ട് കളക്ടർ ട്രോൾ പങ്കുവെച്ചത്. എന്നാൽ ട്രോൾ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണോ എന്ന് ചോദിച്ച് ആളുകൾ രംഗത്ത് എത്തി.
വന്ന് വന്ന് കളക്ടറും മുഖ്യമന്ത്രിയേ ട്രോളാൻ തുടങ്ങിയോ എന്നാണ് ചിലർ പോസ്റ്റിന് താഴെ ചോദിക്കുന്നത്. പണി പോകുമല്ലോ ഏമാനെ എന്നും ചിലർ ചോദിക്കുന്നുണ്ട്. പോസ്റ്റ് മുക്കാൻ സാദ്ധ്യതയുള്ളതിനാൽ പോസ്റ്റ് സ്‌ക്രീൻ ഷോട്ട് എടുത്തുവച്ചവരും കൂട്ടത്തിൽ ഉണ്ട്.
കൊറോണയ്‌ക്കെതിരായ പ്രതിരോധം തന്നെ പ്രധാനം…… അലംഭാവമില്ലാതെ തുടരുക തന്നെ എന്ന തലക്കെട്ടോടെയാണ് എറണാകുളം ജില്ലാ കളക്ടർ ട്രോൾ പങ്കുവെച്ചിരിക്കുന്നത്. സിനിമാ താരങ്ങളായ ജഗദീഷ്, ജഗതി എന്നിവർ മാൻഡ്രേകുമായി നിൽക്കുന്ന മീം ആണ് ട്രോളിനായി ഉപയോഗിച്ചത്. ഇതിന് താഴെ കൊറോണ രോഗം സ്ഥിരീകരിച്ചോ സംശയിച്ചോ ക്വാറന്റീനിൽ കഴിയുന്നവർ ഉപയോഗിക്കുന്ന പാത്രങ്ങൾ , വസ്ത്രങ്ങൾ, ടി.വി, റിമോട്ട്, പാത്രം, പുസ്തകങ്ങൾ എന്നിവ പങ്കുവെയ്‌ക്കുകയോ കൈമാറുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പും എഴുതിയിട്ടുണ്ട്.
















Comments