ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മേൽനോട്ട സമിതിയോട് റിപ്പോർട്ട് തേടിയിരുന്നു. കേരളവും തമിഴ്നാടുമായി ഇന്നലെ ചേർന്ന യോഗത്തിൽ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് തീരുമാനമായിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്നും ബാക്കി വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. 138 അടിയിൽ എത്തിയാൽ വെള്ളം തുറന്ന് വിടാമെന്നാണ് തമിഴ്നാടിന്റെ നിലപാട്. ഇരു സംസ്ഥാനങ്ങളുടേയും അഭിപ്രായങ്ങൾ മേൽനോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് അനുസരിച്ച് നിയന്ത്രിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി യോഗത്തിൽ ധാരണയായതായാണ് റിപ്പോർട്ട്. 138 അടിയാണ് ഇപ്പോഴത്തെ റൂൾ കർവ്. ഈ അളവിൽ ജലനിരപ്പ് എത്തിയാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം തുറന്നുവിടും. 137.6 അടിയാണ് നിലവിൽ ജലനിരപ്പ്.
ചൊവ്വാഴ്ചയുളള കണക്കുപ്രകാരം സെക്കൻഡിൽ 3244 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിവരുന്നുണ്ട്. ഇതിൽ 2077 ഘനയടി തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
Comments