ശ്രീനഗർ : ടി 20 ലോകകപ്പിലെ പാകിസ്താന്റെ ജയത്തിൽ സമൂഹമാദ്ധ്യമം വഴി ആഹ്ലാദം പങ്കുവെച്ച മെഡിക്കൽ കോളേജ് ജീവനക്കാരിയെ പുറത്താക്കി. രജൗരി സ്വദേശിയായ സഫിയ മജീദിനെയാണ് മെഡിക്കൽ കോളേജ് അധികൃതർ പുറത്താക്കിയത്. മെഡിക്കൽ കോളേജിലെ ലാബ് ഒടി ടെക്‌നീഷ്യയാണ് സഫിയ.
വാട്‌സ് ആപ്പിലൂടെ പാകിസ്താന്റെ വിജയത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള സന്ദേശം പങ്കുവെച്ചതാണ് നടപടിയ്‌ക്ക് ഇടയാക്കിയത്. കളിയിൽ ഇന്ത്യ തോറ്റതിന് പിന്നാലെ പാകിസ്താൻ ടീമിന്റെ വിജയത്തിൽ സന്തോഷം പ്രകടമാക്കുന്ന സ്റ്റാറ്റസുകൾ പങ്കുവെയ്‌ക്കുകയായിരുന്നു. ഏഴോളം സ്റ്റാറ്റസുകളാണ് ഇത്തരത്തിൽ പങ്കുവെച്ചത്. ഇക്കാര്യം സഹപ്രവർത്തകർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സഫിയയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.
രാജ്യത്തോട് വഞ്ചനകാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബ്രിജി മോഹൻ ആണ് സഫിയയെ പുറത്താക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തോടുള്ള ആരുടെയും വഞ്ചന വെച്ചു പൊറുപ്പിക്കാൻ ആകില്ലെന്ന് ഉത്തരവിൽ പറയുന്നു.
Comments