ദുബായ്: ഡേവിഡ് വാർണർ ഫോം വീണ്ടെടുത്ത മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഓസീസിന് മികച്ച ജയം. ലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കംഗാരുക്കൾ ടി 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം ആഘോഷിച്ചത്. ശ്രീലങ്ക ഉയർത്തിയ വിജയലക്ഷ്യം അനായാസമായാണ് ഓസ്‌ത്രേല്യ മറികടന്നത്. ഡേവിഡ് വാർണർ ഫോം വീണ്ടെടുത്തതാണ് മത്സരത്തിലെ സവിശേഷത.
വാർണർ 65 രൺസ് നേടി ഓസീസ് വിജയത്തിന് അടിത്തറയേകി. ടോസ് നേടിയ ഓസീസ് ശ്രീലങ്കയെ ബാറ്റിങ്ങിനയച്ചു. 20ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി. സ്‌കാർ 15ൽ നിൽക്കെ ആദ്യ വിക്കറ്റ് ശ്രീലങ്കയ്‌ക്ക് നഷ്ടമായി. വെറും ഏഴ് റൺസ് മാത്രം നേടിയ പാദും നിസങ്കയെ കമ്മിൻസിന്റെ പന്തിൽ വാർണർ ക്യാച്ചെടുത്ത് പുറത്താക്കി. തുടർന്ന് കുസാൽ പെരേരയും ചരിത് അസലങ്കയും ചേർന്ന് ലങ്കയെ മുന്നോട്ട് കൊണ്ടുപോയി.
ഇരുവരും 35 റൺസ് വീതം എടുത്തു. ഭനുക രജപക്‌സ(33) പുറത്താവാതെ നിന്നു. ഓസീസ് ബൗളിങിന് മുന്നിൽ മറ്റാർക്കും പിടിച്ചു നിൽക്കാനായില്ല. ക്യാപ്റ്റൻ ദസുൻ ഷനക(12) റൺസ് നേടി കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഓസീസിന് വേണ്ടി മൈക്കൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്,ആദം സാംപ എന്നിവർ രണ്ട് വിക്കറ്റുകൾ കരസ്ഥമാക്കി.
മറുപടി ബാറ്റിങ്ങിനിങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റൻ ആരൺ ഫിഞ്ചിനൊപ്പം ചേർന്ന ഡേവിഡ് വാർണർ ഓപ്പണിങ് കൂട്ടുകെട്ടിൽ 70 റൺസ് നേടി. 23 പന്തുകൾ നേരിട്ട ഫിഞ്ച് 37 റൺസ് നേടി.
അഞ്ച് ഫോറും രണ്ട് സിക്‌സറും അടിച്ച ഫിഞ്ച് ആദ്യം പുറത്തായി. തുടർന്ന് വന്ന ഗ്ലെൻ മാക്‌സ്‌വൽ(5) നിരാശപ്പെടുത്തി. എന്നാൽ സ്റ്റീവൻ സ്മിത്തിനൊപ്പം വാർണർ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 42 പന്തിൽ 10 ബൗണ്ടറി ഉൾപ്പെടെ 65 റൺസ് നേടിയാണ് വാർണർ മടങ്ങിയത്. 18 റൺസ് മാത്രമുളളപ്പോൾ വാർണർ നൽകിയ അനായാസ ക്യാച്ച് ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുശാൽ പെരേര വിട്ടുകളഞ്ഞു.
സ്മിത്ത്(28),മാർകസ് സ്റ്റോയിനിസ്(16) എന്നിവർ പുറത്താകാതെ നിന്നു. മൂന്ന് ഓവറുകൾ ബാക്കി നിൽക്കെയാണ് ഓസീസിന്റെ വിജയം. ആദം സാംപയാണ് കളിയിലെ താരം. ഈ വിജയത്തോടെ കംഗാരുകൾ ഗ്രൂപ്പ് ഒന്നിൽ നാല് പോയിന്റുകളുമായി ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്.
Comments