ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറന്നത്. ഷട്ടറുകൾ വഴി സെക്കന്റിൽ 534 ഘന അടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
7.29 ഓടെയാണ് ഷട്ടറുകൾ തുറന്നത്. നേരത്തെ ഏഴ് മണിക്ക് തുറക്കുമെന്നായിരുന്നു നിർദ്ദേശം. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ എത്താൻ വൈകിയതിനെ തുടർന്ന് അണക്കെട്ട് തുറക്കാൻ താമസിക്കുകയായിരുന്നു. 7.20 ഓടെ മൂന്നാമത്തെ മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് അണക്കെട്ട് തുറന്നത്. ജീവനക്കാർ നേരിട്ട് മാനുവലായിട്ടാണ് ഷട്ടറുകൾ തുറന്നത്.
അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി റവന്യൂ, ജലഗതാഗത മന്ത്രിമാർ രാവിലെ ആറ് മണിയോടെ തന്നെ മുല്ലപ്പെരിയാറിൽ എത്തിയിരുന്നു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അണക്കെട്ട് തുറന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇരു മന്ത്രിമാരും ആവർത്തിച്ചു.
മുന്ന് , നാല് നമ്പർ ഷട്ടറുകളാണ് തുറന്നത്. അണക്കെട്ടിലെ വെള്ളം വള്ളക്കടവിൽ ആകും ആദ്യം എത്തുക. 20 മിനിറ്റ് ശേഷം വള്ളക്കടവിൽ വെള്ളം എത്തുമെന്നാണ് കണക്കാക്കുന്നത്. ഉച്ചയോടെ വെള്ളം അയ്യപ്പൻ കോവിലിൽ എത്തും. വെള്ളം ഒഴുകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ ഇതിനോടകം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മുന്നൂറോളം കുടുംബങ്ങളെയാണ് ഇത്തരത്തിൽ മാറ്റിപ്പാർപ്പിച്ചിരുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138 ആക്കി നിർത്തുകയാണ് ലക്ഷ്യം. ഇപ്പോൾ 138.70 ആണ് ജലനിരപ്പ്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് പടി പടിയായി 1000 ഘനയടി ആക്കി ഉയർത്തും.
അതേസമയംമുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും അധിക ജലം എത്തിയാൽ ഇടുക്കി അണക്കെട്ടും തുറന്നേക്കും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇന്ന് വൈകീട്ട് നാല് മണിക്കോ, നാളെ രാവിലെയോ അണക്കെട്ട് തുറന്നേക്കാമെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. മുൻ കരുതൽ നടപടിയെന്നോണം അണക്കെട്ടിൽ നിന്നും 100 ക്യൂമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.
Comments