ചെന്നൈ : തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ചികിത്സയിൽ കഴിയുന്ന ആശുപത്രിയ്‌ക്ക് മുൻപിൽ പോലീസിനെ വിന്യസിച്ചു. ആരാധകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ആശുപത്രിയ്‌ക്ക് മുൻപിൽ പോലീസിനെ വിന്യസിച്ചത്. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് രജനീകാന്ത് ചികിത്സയിലുള്ളത്.
രണ്ട് സബ് ഇൻസ്‌പെക്ടർമാരുൾപ്പെട്ട സംഘത്തെയാണ് ആശുപത്രിയ്‌ക്ക് മുൻപിൽ വിന്യസിച്ചിരിക്കുന്നത്. 30 ഓളം പോലീസുകാർ സംഘത്തിലുണ്ട്. പോലീസുകാർ അടിക്കടി ആശുപത്രിയ്‌ക്കുള്ളിലെ സ്ഥിതിഗതികളും വിലയിരുത്തുന്നുണ്ട്. അടിയന്തിര സാഹചര്യം നേരിടുന്നതിന് വേണ്ടിയാണ് പോലീസുകാരെ വിന്യസിച്ചതെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.
ഇന്നലെ വൈകീട്ട് 4.30 നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്‌ക്ക് എത്തിയതാണെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് റിപ്പോർട്ടുകൾ.
Comments