കൊച്ചി: സംസ്ഥാനത്ത് തീയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ ആരാധകരും തീയേറ്റർ ഉടമകളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചതോടെ വലിയ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു. കൊറോണ തകർത്ത സിനിമാ വ്യവസായം തിരികെ കൊണ്ടുവരാൻ മരക്കാറിനാകുമെന്ന വിലയിരുത്തലിലായിരുന്നു തീയേറ്റർ ഉടമകൾ.
ചിത്രം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യം ഇപ്പോഴും ശക്തമായി നിലനിൽക്കുകയാണ്. ഇതിനിടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തിനൊപ്പമുണ്ടാകുമെന്നാണ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ അറിയിച്ചത്.
അതേസമയം മരക്കാറിന്റെ റിലീസ് സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് മരക്കാർ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാകും പുറത്തിറങ്ങുകയെന്ന വിവരവും സ്ഥിരീകരിച്ചത്. മരക്കാറിനായി ഒടിടിപ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരുന്ന തുക മിനിമം ഗ്യാരന്റിയായി തീയേറ്റർ ഉടമകൾ നൽകണമെന്നാണ് ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടത്.
ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് തീയേറ്റർ ഉടമകൾ അറിയിച്ചിരുന്നു. അതേസമയം നിശ്ചിത തുക നൽകാമെന്നും തീയേറ്റർ ഉടമകൾ അറിയിച്ചു. എന്നാൽ ഈ തുകകൊണ്ട് തീയേറ്റർ റിലീസിൽ ചിത്രം വിജയിപ്പിക്കാൻ കഴിയില്ലെന്ന് ആന്റണി പെരുമ്പാവൂരും അറിയിച്ചു. ഇതോടെ മരക്കാറിന്റെ തീയേറ്റർ റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ ആവുകയായിരുന്നു.
















Comments