തിരുവനന്തപുരം : കെജിഎംഒഎ പ്രഖ്യാപിച്ച പ്രത്യക്ഷ സമര പരിപാടികൾ പിൻവലിച്ചതായി സർക്കാർ ഡോക്ടർമാർ വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.സെക്രട്ടറിയേറ്റിന് മുന്നിലെ നിൽപ്പ് സമരവും പതിനാറാം തിയതി നടത്താനിരുന്ന കൂട്ട അവധിയും മാറ്റിവെച്ചു.
ഒരുമാസത്തിനുള്ളിൽ ഡോക്ടർമാരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും പരാതികൾ പരിഹരിക്കാമെന്നുമുള്ള ആരോഗ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരത്തിൽ നിന്നുള്ള പിൻമാറ്റം.മുന്നോട്ട് വെച്ച ആവശ്യങ്ങൾ ധനവകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പു നൽകിയതായി ഡോക്ടർമാർ വ്യക്തമാക്കി.
എന്നാൽ അതേ സമയം നിസ്സഹകരണ സമരം തുടരും എന്നാണ് തീരുമാനം. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെയാണ് സർക്കാർ ഡോക്ടർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നവംബർ ഒന്ന് മുതൽ നിൽപ്പ് സമരം തുടങ്ങാൻ തീരുമാനിച്ചത്.
Comments