കാസർകോട്: സിപിഎം നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞ് പാർട്ടി പ്രവർത്തകൻ. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ ലാലൂർ സ്വദേശി രതീഷാണ് സ്ഫോടക വസ്തു എറിഞ്ഞത്. ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കാഞ്ഞങ്ങാട് ഗൃഹസന്ദർശനത്തിയ വേളയിലാണ് നേതാക്കൾക്കെതിരെ സ്ഫോടക വസ്തു എറിഞ്ഞത്. ഷമീർ എന്നയാളുടെ വീട്ടിലേക്ക് സിപിഎം നേതാക്കൾ ഗൃഹസന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു ആക്രമണം. ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ എന്നിവർക്ക് നേരെയാണ് സിപിഎം പ്രവർത്തകനായ രതീഷ് സ്ഫോടക വസ്തു എറിഞ്ഞത്.
സംഭവത്തിൽ പരിക്കേറ്റ വീട്ടമ്മ ആമിന ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഷമീറിന്റെ അയൽവാസിയായ സ്ത്രീയാണ് പരുക്കേറ്റ ആമിന. ആക്രമണത്തിനു ശേഷം ഓടിരക്ഷപ്പെട്ട പ്രതി രതീഷിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.















