ലഡാക്ക്: കിഴക്കൻ ലഡാക്കിൽ വ്യോമ പരിശീലനം നടത്തി ഇന്ത്യൻ സൈന്യം. മലനിരകളിലെ ദ്രുതഗതിയിലുളള സൈനിക നീക്കവും പ്രത്യാക്രമണശേഷിയുമാണ് പരിശീലനത്തിലൂടെ വിലയിരുത്തിയത്. അതിർത്തിക്ക് അപ്പുറത്ത് സൈനിക മുന്നൊരുക്കങ്ങൾ നടത്തുന്ന ചൈനയ്ക്ക് താക്കീതായാണ് ഇന്ത്യൻ സൈന്യത്തിന്റെ നടപടി.
14,000 അടി ഉയരത്തിൽ ഹെലികോപ്ടറുകളിൽ നിന്ന് സൈനികരെ യുദ്ധമേഖലയിലേക്ക് ഇറക്കുന്നതായിരുന്നു ആദ്യ ദിവസത്തെ പരിശീലനം. സൈന്യത്തിന്റെ ഏറ്റവും മികച്ച പാരാട്രൂപ്പുകളിൽ ഒന്നായ ശത്രുജീത് ബ്രിഗേഡാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ശ്രദ്ധാകേന്ദ്രം.
മിസൈൽ വിക്ഷേപിണികളും പ്രത്യേക സൈനിക വാഹനങ്ങളും മലമുകളിലെ ഓരോ സൈനിക ക്യാമ്പുകളിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതും പരിശീലനത്തിന്റെ ഭാഗമായിരുന്നു. യുഎസ് നിർമിത സി 130 ജെ സ്പെഷൽ ഓപ്പറേഷൻസ് എയർക്രാഫ്റ്റും സോവിയറ്റ് നിർമിത എഎൻ 32 മീഡിയം ട്രാൻസ്പോർട്ട് പ്ലെയിനുമായിരുന്നു ഇതിനായി ഉപയോഗിച്ചത്. മലമുകളിലെ അഞ്ച് വ്യത്യസ്ത ക്യാമ്പുകളിൽ നിന്നുളള സാധനങ്ങളാണ് ഇങ്ങനെ പരസ്പരം മാറ്റിയത്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രാവർത്തികമാകുന്ന വിധമായിരുന്നു പരിശീലനം.
മൈനസ് 20 ഡിഗ്രി താപനിലയിലാണ് സൈനികരെ ഡ്രോപ്പ് ചെയ്തതും യുദ്ധോപകരണങ്ങൾ മാറ്റിയതും. ഇത് വെല്ലുവിളിയായിരുന്നുവെന്നും വിജയകരമായി പൂർത്തിയാക്കിയെന്നും സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Comments