ജക്കാർത്ത: കാമുകനുമായി ചേർന്ന് അമ്മയെ വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കിയ സംഭവത്തിൽ 10 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ച യുവതിയെ ഇൻഡോനേഷ്യ നാടുകടത്തി. യുവതിയുടെ സ്വദേശമായ യുഎസിലെ ഷിക്കാഗോയിലേക്കാണ് നാടുകടത്തിയത്. രാത്രിയോടെ ഇവരുടെ വിമാനം ജക്കാർത്തയിൽ നിന്നും ഷിക്കാഗോയിലെ ഒ ഹെയർ വിമാനത്താവളത്തിലെത്തും.
ഇൻഡോനേഷ്യൻ നിയമമനുസരിച്ചാണ് നാടുകടത്തലെന്ന് അധികൃതർ അറിയിച്ചു. ക്രൂരകൃത്യത്തിന്റെ സ്വഭാവം കൊണ്ട് ലോകത്തെ മുഴുവൻ ഞെട്ടിച്ച കൊലപാതകമായിരുന്നു ഇത്. ഹെതർ മാക്ക് എന്ന യുവതിയാണ് കാമുകനായ ടോമി ഷഫേറുമായി ചേർന്ന് അമ്മയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം ശരീരഭാഗങ്ങൾ മുറിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
2014 ലാണ് ഇവർ അറസ്റ്റിലാവുന്നത്. 2015 ൽ ശിക്ഷ വിധിച്ചു. കൊലപാതകം ആസൂത്രണം ചെയ്തതിന് ഷഫേറിന് 18 വർഷത്തെ ശിക്ഷയാണ് വിധിച്ചത്. ആ സമയം 19 വയസ് മാത്രമുണ്ടായിരുന്ന ഹെതർ മാക്കിന് 10 വർഷത്തെ ശിക്ഷയേ ലഭിച്ചുളളൂ.
ഇരുവരും തമ്മിലുളള ബന്ധം ചോദ്യം ചെയ്തതിനാണ് ഹെതറിന്റെ അമ്മ ഷെയ്‌ല വോൺ വീസ് മാക്കിനെ ഷഫേർ കൊലപ്പെടുത്തിയത്. ബാലിയിലെ സെന്റ് റെഗീസ് ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. തന്നെ ആക്രമിക്കാൻ തുനിഞ്ഞതോടെ സ്വയം പ്രതിരോധത്തിനായിട്ടാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഷഫേറിന്റെ വെളിപ്പെടുത്തൽ.
കൊലപാതകത്തിന് ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഇരുവരും ഹോട്ടലിൽ ഉപേക്ഷിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കമുളള തെളിവുകൾ ഹാജരാക്കിയാണ് പോലീസ് കേസ് തെളിയിച്ചത്.
ജയിലിനുളളിലെ നല്ല പെരുമാറ്റത്തിന് തടവ് ശിക്ഷയിൽ 34 മാസത്തെ ഇളവ് നേടിയതോടെയാണ് ഹെതർ മാക് നേരത്തെ ജയിൽമോചിതയായത്. ബാലിയിലെ കെറോബൊകാൻ ജയിലിലായിരുന്നു മാക്കിനെ പാർപ്പിച്ചിരുന്നത്. നാടുകടത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഇവരെ ജക്കാർത്തയിലെത്തിച്ചത്.
ജയിൽശിക്ഷ വിധിക്കും മുൻപ് ഹെതർ ഒരു മകൾക്കും ജൻമം നൽകിയിരുന്നു. ഈ മകളോടൊപ്പമാണ് ഷിക്കാഗോയിലേക്ക് നാടുകടത്തപ്പെട്ടത്.
















Comments