അബുദബി: ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ 66 റൺസിന് തകർത്ത് ഇന്ത്യ. ലോകകപ്പിൽ ആദ്യ രണ്ട് കളിയിലും പരാജയപ്പെട്ട ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം നൽകുന്ന വിജയമാണിത്. ടോസിന്റെ ആനുകൂല്യം അഫ്ഗാനിസ്ഥാനായിരുന്നുവെങ്കിലും ഇന്ത്യയെ ബാറ്റിംഗിന് അയയ്‌ക്കാനായിരുന്നു അവരുടെ തീരുമാനം.
20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 211 റൺസിന്റെ വിജയലക്ഷ്യം പടുത്തുയർത്തി. ഫോമിലേക്ക് തിരിച്ചെത്തിയ രാഹുൽ -രോഹിത് ശർമ ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച പ്രകടനമാണ് നടത്തിയത്. രാഹുൽ 48 പന്തിൽ നിന്ന് 69 റൺസും രോഹിത് ശർമ്മ 47 പന്തിൽ നിന്ന് 74 റൺസും നേടി. പിന്നാലെയെത്തിയ ഋഷഭ് പന്ത് 13 പന്തിൽ നിന്ന് 27 റൺസും ഹർദിക് പാണ്ഡ്യ 13 പന്തിൽ നിന്ന് 35 റൺസും എടുത്തു.
മൂന്ന് സിക്‌സറുകളുടെയും എട്ട് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു രോഹിത് ശർമ്മയുടെ വെടിക്കെട്ട്. രാഹുൽ രണ്ട് സിക്‌സറുകളും ആറ് ബൗണ്ടറികളും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുളളൂ. പുറത്താകാതെ 42 റൺസെടുത്ത കരീം ജാനത്ത് ആണ് അഫ്ഗാന്റെ ടോപ്പ് സ്‌കോറർ. മൊഹമ്മദ് നാബി 35 റൺസെടുത്തു.
ഓപ്പണർ മൊഹമ്മദ് ഷഹ്‌സാദിനെ റൺസൊന്നും എടുക്കാതെ അശ്വിന്റെ കൈയ്യിലെത്തിച്ച് മൊഹമ്മദ് ഷമി മടക്കിയതോടെയാണ് അഫ്ഗാന്റെ വിക്കറ്റ് വീഴ്ചയാരംഭിച്ചത്. ഇന്ത്യയ്‌ക്ക് വേണ്ടി ഷമി മൂന്ന് വിക്കറ്റുകളും അശ്വിൻ രണ്ട് വിക്കറ്റുകളും നേടി. ബൂമ്രയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകളും നേടി.
പാകിസ്താനോടും ന്യൂസിലാൻഡിനോടുമാണ് ഇന്ത്യ തോൽവി വഴങ്ങിയത്.
















Comments