തിരുവനന്തപുരം: വിവിധ കെഎസ്ആർടിസി യൂണിയനുകൾ ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിഎംഎസ്. ശമ്പള പരിഷ്കരണം സംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രി നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. സ്കൂളുകൾ തുറന്നതും ശബരിമല തീർത്ഥാടനവും പരിഗണിച്ച് പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടുവെങ്കിലും തീരുമാനത്തിൽ മാറ്റമില്ലന്ന് ബിഎംഎസ് വ്യക്തമാക്കി.
ശമ്പളപരിഷ്കരണം സംബന്ധിച്ച് മന്ത്രിതല ചർച്ച നടന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. ഇന്ന് അർധരാത്രി മുതൽ ശനിയാഴ്ച അർധരാത്രി വരെയാകും ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പണിമുടക്ക്. സി.ഐ.ടി.യുവും ബി.എം.എസും നാളെ സൂചനാ പണിമുടക്കിനാണ് തീരുമാനിച്ചിരിക്കുന്നത്. ശമ്പള സ്കെയിൽ സംബന്ധിച്ച് യൂണിയനുകൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ തള്ളുന്നില്ലെന്നും, മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ആലോചിക്കാൻ സമയം വേണമെന്നുമായിരുന്നു ആന്റണി രാജുവിന്റെ നിലപാട്. ശമ്പള സ്കെയിൽ അംഗീകരിച്ചാൽ മാസം 30 കോടി രൂപ അധികം കണ്ടെത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
Comments