മെൽബൺ: ക്യാമ്പ് സൈറ്റിലെ ടെന്റിനുളളിൽ നിന്ന് കാണാതായ നാല് വയസുകാരിയെ 18 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ഓസ്‌ട്രേലിയയിൽ പെർത്തിലെ കാർണർവോൺ നഗരത്തിലാണ് സംഭവം. ബുധനാഴ്ചയാണ് ക്ലിയോ സ്മിത്ത് എന്ന നാല് വയസുകാരിയെ കണ്ടെത്തിയത്.
തട്ടിക്കൊണ്ടു പോയ സ്ഥലത്ത് നിന്നും 100 കിലോമീറ്റർ അകലെയുളള ഒരു വീട്ടിലായിരുന്നു കുട്ടി. സംഭവവുമായി ബന്ധപ്പെട്ട് തേറൻസ് ഡാറൽ കെല്ലി എന്ന 36 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലായിരുന്നു കുട്ടിയെ പാർപ്പിച്ചിരുന്നത്. കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ജാമ്യത്തിന് അപേക്ഷിക്കാതിരുന്നതിനാൽ ഡിസംബർ ആറ് വരെ കസ്റ്റഡിയിൽ വിട്ടു.
16 വയസിൽ താഴെയുള്ള കുട്ടിയെ നിർബന്ധിച്ച് ബലമായി വശീകരിച്ച് കൊണ്ടുപോയതിന് ഓസ്‌ട്രേലിയൻ നിയമമനുസരിച്ചുളള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ ശാന്തനും സൗമ്യനുമാണെന്നാണ് അയൽവാസികളുടെ അഭിപ്രായം. ക്രിമിനൽ പ്രവർത്തികളിൽ പങ്കെടുത്തതായി അറിവില്ലെന്നും ഇവർ പറയുന്നു.
ഒക്ടോബർ 16 നാണ് കാർണർവോണിലെ ക്യാമ്പ് സൈറ്റ് ടെന്റിൽ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന ക്ലിയോ സ്മിത്ത് അപ്രത്യക്ഷയാകുന്നത്. ടെന്റിൽ ഇളയ സഹോദരിയോടൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. പുലർച്ചെ ക്ലിയോയുടെ അമ്മ എഴുന്നേറ്റ് നോക്കുമ്പോഴാണ് ടെന്റിന്റെ വാതിൽ തുറന്നുകിടക്കുന്നതും കുട്ടി ഇല്ലെന്നും മനസിലാകുന്നത്.
കുട്ടിയെ കണ്ടെത്താനായി 100 പോലീസുകാർ അടങ്ങുന്ന ദൗത്യസേന രൂപീകരിച്ചിരുന്നു. വിപുലമായ തിരച്ചിലും പരിശോധനകളുമാണ് ഇവർ നടത്തിയത്. 100 ഓളം പേരിൽ നിന്ന് മൊഴിയെടുക്കുകയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. മൊബൈൽ ഫോണുകളിൽ നിന്നുളള വിവരങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കി. ക്ലിയോയെക്കുറിച്ചുളള വിവരങ്ങൾ നൽകുന്നവർക്ക് ഒരു മില്യൻ ഓസ്‌ട്രേലിയൻ ഡോളർ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു.
അടുത്ത ദിവസങ്ങളിൽ കടയിൽ നിന്ന് കെല്ലി നാപ്കിൻ വാങ്ങുന്നത് അയൽവാസി കണ്ടിരുന്നു. ഇതുൾപ്പെടെയുളള തെളിവുകളാണ് ഇയാളിലേക്ക് വിരൽചൂണ്ടിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്ന് വ്യക്തമല്ല.
Comments