തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികൾ പൂർത്തിയാകാത്തതാണ് പുറത്തിറങ്ങാൻ വൈകുന്നതിന് കാരണം.
സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാൻഡിലായത്. ഇതിൽ തിരുവനന്തപുരത്തെ കോടതികളിലുള്ള രണ്ടു കേസുകളിലെ ജാമ്യനടപടി പൂർത്തിയാക്കി. എറണാകുളത്തെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപ ഇനി കെട്ടിവയ്‌ക്കണം. അതിനുള്ള നടപടി ഇന്ന് പൂർത്തിയാക്കി ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാൽ മാത്രമേ പുറത്തിറങ്ങൂ.
സ്വർണക്കടത്തുകേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായർ കഴിഞ്ഞ 9 ന് ജയിൽ മോചിതനായിരുന്നു. കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നായിരുന്നു മോചനം. സ്വർണക്കടത്തുകേസിലും ഡോളർ കടത്തുകേസിലും എൻഐഎ കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. എൻഐഎ കേസിൽ ഇപ്പോൾ മാപ്പുസാക്ഷിയാണ് സന്ദീപ്.
Comments