തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ കേരളം അനുമതി നൽകിയതറിയാതെ സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രൻ. അനുമതി നൽകിയ വിവരം നാട് മുഴുവൻ അറിഞ്ഞിട്ടും സംസ്ഥാന വനം മന്ത്രി അറിഞ്ഞിരുന്നില്ല. സംഭവത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു.
വനംവകുപ്പ് ഉദ്യോഗസ്ഥൻ ബെന്നിച്ചൻ തോമസാണ് മരം മുറിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ വെട്ടാനാണ് കേരളം അനുമതി നൽകിയത്. എന്നാൽ ഈ വിവരം വനം മന്ത്രി അറിഞ്ഞിരുന്നില്ല.
ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ താഴ് ഭാഗത്ത് നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന് തമിഴനാട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ റിസർവ് വനമായതിനാൽ മരങ്ങൾ മുറിക്കാൻ അനുമതി നൽകാൻ പറ്റില്ലെന്നായിരുന്നു വനം വകുപ്പിന്റെ നിലപാട്. ഈ നിലപാട് മാറ്റി മരം മുറിക്കാൻ അനുമതി നൽകിയിരിക്കുകയാണ് കേരളമിപ്പോൾ. തമിഴ്‌നാടിന്റെ ഈ ആവശ്യം അംഗീകരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നന്ദിയറിക്കുകയും ചെയ്തിരുന്നു.
ബേബി ഡാം ബലപ്പെടുത്തിയ ശേഷം ജലനിരപ്പ് 152 ഉയർത്തുകയാണ് ലക്ഷ്യമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാടിന്റെ ഈ ആവശ്യം അംഗീകരിച്ചതോടെ ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താനുള്ള തടസങ്ങൾ നീങ്ങിയതായി സ്റ്റാലിൻ അറിയിച്ചിരുന്നു. നിലവിൽ 142 അടിയാണ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന അളവ്.
Comments