കോഴിക്കോട്: കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോൾ കേരളത്തിൽ ആനുപാതികമായി കുറയാൻ കാരണം സംസ്ഥാന സർക്കാരും നികുതി കുറച്ചതാണെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ മണ്ടത്തരം സ്വന്തം അണികളായ സിപിഎം പ്രവർത്തകർ പോലും വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുൻഗാമിയായ തോമസ് ഐസക്കിനെ പോലെ താത്ത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ഇപ്പോഴത്തെ ധനമന്ത്രിയും ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ കുറച്ച നികുതിയുടെ ക്രഡിറ്റ് അടിച്ചെടുക്കാൻ നോക്കാതെ പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസകരമായ നടപടി കൈക്കൊള്ളുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. തന്റെ കഴിവില്ലായ്മ ജനങ്ങളുടെ തലയിൽ കെട്ടിവെക്കാമെന്ന് ബാലഗോപാൽ കരുതരുത്. ധൂർത്തിന് വേണ്ടി പാവങ്ങളെ കൊള്ള ചെയ്യുന്ന മനുഷ്യത്വവിരുദ്ധമായ സമീപനമാണ് ഈ സർക്കാരിനുള്ളതെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും വരുന്ന ഭീമൻ നികുതിയാണ് സംസ്ഥാനം ജനങ്ങൾക്ക് മേൽ ചുമത്തുന്നത്. ഇത് കുറച്ച് മറ്റു വരുമാന മാർഗം കണ്ടെത്തുകയാണ് പിണറായി സർക്കാർ ചെയ്യേണ്ടത്. എന്നാൽ വൻകിട മുതലാളിമാരുടെ നികുതി പിരിക്കാതെ പാവങ്ങളുടെ പോക്കറ്റിൽ നിന്നും കയ്യിട്ടുവാരുകയാണ് തൊഴിലാളിവർഗ മേനി പറയുന്ന ഇടതു സർക്കാർ ചെയ്യുന്നത്.
ചെലവ് കുറച്ച് ലോട്ടറിയും മദ്യവുമല്ലാതെ മറ്റു വരുമാന മാർഗം കണ്ടെത്താൻ ധനമന്ത്രി ശ്രമിക്കണം. കൊള്ള തുടരാനാണ് നീക്കമെങ്കിൽ ശക്തമായ ജനരോഷം സർക്കാർ നേരിടേണ്ടി വരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
















Comments