തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ചയോടെ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും.
ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്നതോടെയാണ് മഴ ശക്തമാകുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ സുമാത്ര തീരത്തായാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്. കരയിൽ പ്രവേശിക്കാനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിലും മഴ കനക്കുക.
ചെന്നൈയിൽ ഇപ്പോൾ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടവും വെള്ളത്തിനടിയിലായി. മൂന്ന് ജലസംഭരണികളിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നതിനാൽ ചെന്നൈയിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.
Comments