ഗ്ലാസ്‌ഗോ: ആഗോള പരിസ്ഥിതി-കാലാവസ്ഥാ ഉച്ചകോടിയിലെ രാജ്യങ്ങളുടെ റിപ്പോർട്ടുകൾ പുന: പരിശോധിക്കണമെന്ന് വിദഗ്ധന്മാർ. നിലവിൽ രാജ്യങ്ങൾ സമർപ്പിച്ച കണക്കുകളിൽ പലതും മറച്ചുവച്ചുവെന്ന ശക്തമായ ആരോപണമാണ് ഉയരുന്നത്. കാലവസ്ഥാ രംഗത്തെ വിവിധ സംഘടനകളും വിദഗ്ധന്മാരുമാണ് അപകടകരമായ പ്രവണത ചൂണ്ടിക്കാട്ടുന്നത്. കോപ്-26 എന്നപേരിൽ ഗ്ലാസ്‌ഗോയിൽ നടന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടി ഈ മാസം 12-ാം തിയതിയാണ് സമാപിക്കുന്നത്.
196 രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാന റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ അവയിൽ പലതിനും യാഥാർത്ഥ്യവുമായി വലിയ വിടവാണുള്ളത്. വാതകം പുറന്തള്ളൽ കണക്കിൽ 85 ദശലക്ഷം മുതൽ 133 ദശലക്ഷം ടൺ വരെ വ്യത്യാസം ഒരു വർഷം പുറത്തുവിടുന്നതിലുണ്ടെന്നാണ് പറയുന്നത്. രാജ്യങ്ങൾ സ്വന്തം സ്ഥലത്തുനിന്നും ശേഖരിച്ച റിപ്പോർട്ടും ഉച്ചകോടിയിൽ അവതരിപ്പിച്ച റിപ്പോർട്ടും വിശകലന ഘട്ടത്തിലാണ്. അവ സമർപ്പിച്ച കാലയളവും വിവിധ ഘട്ടങ്ങളായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഐക്യരാഷ്‌ട്ര സംഘടനകളിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഗോളതലത്തിലെ കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കുന്ന ഗ്രീൻഹൗസ് വാതക ങ്ങൾ പുറന്തള്ളുന്ന നിരവധി രാജ്യങ്ങളുണ്ട്. ഭൂരിഭാഗം രാജ്യങ്ങളും വാണിജ്യതാൽപ്പര്യങ്ങളെ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. നേരിയ തോതിലുണ്ടായ കുറവുകൾ പോലും പെരുപ്പിച്ച് കാണിക്കുകയാണ്. ഒപ്പം ലോകരാജ്യങ്ങളും ഒപെക് രാജ്യങ്ങളുമടക്കം ചെറുരാജ്യങ്ങളിൽ ചെലുത്തുന്ന സമ്മർദ്ദം കാണാതെപോകരുതെന്നും വിദഗ്ദർ ചൂണ്ടി ക്കാട്ടുന്നു.
















Comments