ന്യൂഡൽഹി : ഇന്ത്യയില നാലാമത്തെ ഉന്നത ബഹുമതിയായ പദ്മശ്രീ പുരസ്‌കാരത്തിന് അർഹനായിരിക്കുകയാണ് കർണാടക മംഗളൂരു സ്വദേശിയായ ഹരികാല ഹജബ്ബ. അറുപത്തിയെട്ടുകാരനായ ഹജബ്ബ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കുട്ടികൾക്ക് പഠിക്കാൻ സ്വന്തമായി സ്‌കൂൾ പണിത് നൽകിയാണ് അദ്ദേഹം ആതുരസേവന രംഗത്ത് സജീവമാകുന്നത്. എന്നാൽ മംഗളൂരു നഗരത്തിൽ പഴക്കട നടത്തുന്ന, ദിവസം 150 രൂപ മാത്രം സമ്പാദിക്കുന്ന ഹജബ്ബ സ്‌കൂൾ പണിയാൻ തീരുമാനിക്കുന്നതിന് പിന്നിൽ ഒരു കഥയുണ്ട്.
20 വർഷത്തിന് മുൻപ് ഒരു വിദേശി ഓറഞ്ച് വാങ്ങാൻ അദ്ദേഹത്തിന്റെ പഴക്കടയിലെത്തി. ഓറഞ്ചിന്റെ വില മാത്രമാണ് അന്ന് വിദേശി ചോദിച്ചത്. എന്നാൽ ചോദ്യം ഇംഗ്ലീഷിലായത് കാരണം ഹജബ്ബയ്‌ക്ക് ഉത്തരം നൽകാനായില്ല. തനിക്ക് പഠിക്കാനുള്ള സൗകര്യം ലഭിക്കാത്തതിനാലാണ് ഇത്തരം അപമാനം നേരിടേണ്ടിവന്നത് എന്ന് അദ്ദേഹത്തിന് മനസിലായി. അതോടെ ഒരു പ്രതിജ്ഞയുമെടുത്തു. തന്റെ സ്വന്തം ഗ്രാമത്തിലെ കുട്ടികൾ ഈ അവസ്ഥ നേരിടാതിരിക്കാൻ ഒരു സ്‌കൂൾ പണിയാനാണ് അദ്ദേഹം തീരുമാനിച്ചത്. ഹജബ്ബയുടെ ഗ്രാമമായ ന്യൂപടപ്പിൽ അന്ന് സ്‌കൂൾ ഉണ്ടായിരുന്നില്ല.
തുടർന്ന് 20 വർഷത്തെ സമ്പാദ്യത്തിൽ അദ്ദേഹം ഒരു ഹൈസ്‌കൂൾ പണിതു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ലോണുകൾ എടുത്താണ് അദ്ദേഹം വിദ്യാലയം നിർമ്മിച്ചത്. താൻ നേരിട്ട അപമാനം തന്റെ ഗ്രാമത്തിലെ കുട്ടികൾ നേരിടേണ്ടി വരരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.
സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായി ഇസ്മാത് പജീർ ഹജബ്ബയുടെ ജീവിതത്തെ ആസ്പദമാക്കി ‘ഹരികാല ഹജബ്ബ ജീവന ചരിത്രെ’ എന്ന പുസ്തകം എഴുതി. മംഗളൂരു സർവ്വകലാശാലയുടെ സിലബസിലും അദ്ദേഹത്തിന്റെ ജീവിത ചരിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്‌ട്ര മാദ്ധ്യമമായ ബിബിസി ‘അൺലെറ്റേർഡ് ഫ്രൂട്ട് സെല്ലേഴ്‌സ് ഇന്ത്യൻ എഡ്യൂക്കേഷൻ ഡ്രീം’ എന്ന പേരിൽ ആർട്ടിക്കിൾ പുറത്തിറക്കിയിട്ടുണ്ട്. സിഎൻഎൻ ഐബിഎന്നിന്റെയും റിലയൻസ് ഫൗണ്ടേഷന്റെയും റിയൽ ഹീറോസ് അവാർഡും അദ്ദേഹത്തെ തേടിയെത്തി. കന്നഡ ദിനപത്രമായ കന്നഡ പ്രഭ അദ്ദേഹത്തെ ‘പേഴ്‌സൺ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
നിലവിൽ ഹജബ്ബ സ്‌കൂളിന് സർക്കാരിന്റെയും മറ്റ് പ്രൈവെറ്റ് കമ്പനികളുടേയും പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ ഇനിയും നിലച്ചിട്ടില്ല. സ്വന്തം ഗ്രാമത്തിൽ പ്രീ യൂണിവേഴ്‌സിറ്റി കോളേജ് പണിയാനാണ് ഹജബ്ബിന്റെ തീരുമാനം. ഇത് ഉടൻ നടപ്പിലാക്കാൻ സാധിക്കുമെന്ന് പൂർണ വിശ്വാസവുമുണ്ട് അദ്ദേഹത്തിന്.
















Comments